| Tuesday, 19th December 2017, 4:42 pm

മയക്കുമരുന്നുകളുടെ ഉപയോഗം: ഗോവയില്‍ നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നത് അനിവാര്യമെന്ന് മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി:മയക്കുമരുന്നുകളുടെ ഉപയോഗം മൂലം നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നത് അനിവാര്യമെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗോവയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ പോലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും നടപടികള്‍ ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പുലരും വരെ നൃത്തം ചെയ്യാനാകും എന്നാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നൃത്തം ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ്‌സിങ് റാണെയുടെ ശ്രദ്ധക്ഷണിക്കലിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗോവ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എല്ലാ വര്‍ഷവും സംസ്ഥാനത്ത് എത്തുന്നത്. രാജ്യത്തെ വിനോദ സഞ്ചാരികളും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. മയക്കുമരുന്ന് വില്‍ക്കുവാന്‍ വിദേശ ടൂറിസ്റ്റുകളെയാണ് മാഫിയ സംഘം ഉപയോഗിക്കുന്നത്. ഒരു വിദേശിക്ക് മറ്റൊരു വിദേശിയെ മയക്കുമരുന്നുമായി പെട്ടെന്ന് സമീപിക്കാനാകും എന്നതാണ് ഇതിന് കാരണം. അന്വേഷണങ്ങളില്‍ നിന്നും ഇതാണ് മനസ്സിലായതെന്നും പരീക്കര്‍ നിയമസഭയില്‍ പറഞ്ഞു.

ചില ഹോട്ടലുകളില്‍ സ്ഥിരമായി നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അവരെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ മയക്കു മരുന്ന് ഒഴുകുന്നത് നിയന്ത്രിക്കാന്‍ നേരത്തേ തന്നെ ഗോവ സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more