ന്യൂ ദല്‍ഹി: ഗോവ മുഖ്യമന്ത്രിയും മുന്‍പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ ചികിത്സ അവസാനിപ്പിച്ച് ആശുപത്രി വിട്ടു. കഴിഞ്ഞ ഒരു മാസമായി ന്യൂ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പാന്‍ക്രിയാസിനെ ബാധിച്ച രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു .
“ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ സ്ഥിതി മോശമായതിനാല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ ഐ.സി.യുവില്‍ നിന്നും മാറ്റുകയും, ആശുപത്രി വിടുകയും ചെയ്തു.” എയിംസിലെ ഡോക്ടറുടെ പറഞ്ഞു. ഇന്ന് രാത്രിയോടെ അദ്ദേഹം ഗോവയിലെത്തും. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അദ്ദേഹം ഗോവയിലേക്ക് ഇത്ര പെട്ടെന്ന് മടങ്ങേണ്ടിയിരുന്നില്ലെന്നും രോഗം പൂര്‍ണ്ണമായി ഭേദമായതിനു ശേഷം മാത്രം ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ മതിയായിരുന്നുവെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്ക് അഭിപ്രായം പറഞ്ഞു. “വിവരം ഞാനറിഞ്ഞു. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നത് ശരിയാണ്. പക്ഷെ ഇത്ര വേഗം മടങ്ങേണ്ടിയിരുന്നില്ല”. ശ്രീപദ് നായിക്ക് പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി പരീക്കര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ഗോവ, മുംബൈ, ന്യൂ യോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സക്ക് വിധേയനായതിനു ശേഷമാണ് അദ്ദേഹം ദല്‍ഹിയിലെ എയിംസിലെത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരീക്കര്‍ തന്റെ സഭയിലെ മന്ത്രിമാരുമായും ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായും എയിംസില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് രാജി ആവശ്യപ്പെട്ടു വരികയായിരുന്നു.