| Monday, 13th March 2017, 11:47 am

'ഇത് എക്കാലത്തേയും വലിയ ചതി, ജനങ്ങളെയാണ് അധിക്ഷേപിച്ചിരിക്കുന്നത്' ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ സഹായിച്ച എം.എല്‍.എമാരുടെ നടപടിയ്‌ക്കെതിരെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബി.ജെ.പിയ്‌ക്കെതിരെ ആഞ്ഞടിച്ച ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം നിന്ന് ഭരിക്കാനൊരുങ്ങിയതാണ് പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി നയങ്ങള്‍ക്കെതിരെ രൂക്ഷമായി രംഗത്തുവന്നയാളായിരുന്നു ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നേതാവ് വിജയ് സര്‍ദേശായി. വിജയ് സര്‍ദേശായിയെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും ശക്തമായി പിന്തുണച്ചിരുന്ന കാര്‍ഡിയോളജിസ്റ്റായ ഡോ. ഫ്രാന്‍സിസ്‌കോ കോളാകോ “പിശാചുമായുള്ള ഐക്യം” എന്നാണ് ഈ കുട്ടുകെട്ടിനെ വിശേഷിപ്പിച്ചത്.

“എക്കാലത്തെയും വലിയ ചതിയാണ് ഇത്.” അദ്ദേഹം പറഞ്ഞു.


Also Read: ‘ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇനി ഇരിക്കില്ല’:ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് രാജിവെച്ചു 


ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യത്തിന് ബി.ജെ.പി ആലോചിക്കുന്നു എന്ന ചര്‍ച്ചകള്‍ വന്നതിനു പിന്നാലെ ഞായറാഴ്ച രാവിലെ അദ്ദേഹം സോഷ്യല്‍ മീഡിയകളില്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. “ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി സൂക്ഷിച്ചോ. ജനവിധിയെ നിഷേധിക്കരുത്. ജി.എഫ്.പിയ്ക്കുവേണ്ടി ആത്മാവ് തന്നവരാണ് ഞങ്ങള്‍.” എന്നും അദ്ദേഹം കുറിച്ചിരുന്നു.

ജി.എഫ്.പിയെ പിന്തുണയ്ക്കുന്ന അഭിഭാഷകനായ ക്ലിഫാറ്റോ അല്‍മീഡ കൗടിന്‍ഹോ പറയുന്നത് വ്യക്തിപരമായി കിട്ടിയ അടിയാണിതെന്നാണ്. “ജി.എഫ്.പിയ്ക്ക് കോണ്‍ഗ്രസുമായി ഒരു സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് വോട്ടര്‍മാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവരെയെല്ലാമാണ് ഇപ്പോള്‍ അധിക്ഷേപിച്ചിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.


Must Read: ഗോവയും മണിപ്പൂരും ബി.ജെ.പി പിടിച്ചെടുത്തു; ജനവിധി മാനിച്ചില്ലെന്നും ചിദംബരം


നേരത്തെ ജി.എഫ്.പി എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണച്ചുകൊണ്ട് ഗവര്‍ണറെ കണ്ടതിനു പിന്നാലെ ജി.എഫ്.പി പ്രസിഡന്റ് പ്രഭാകര്‍ ടിംബ്ള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയുകയെന്ന് ലക്ഷ്യമിട്ടവരായിരുന്നു തങ്ങളുടെ പാര്‍ട്ടിയെന്നും ആ പാര്‍ട്ടി തന്നെ ബി.ജെ.പിയെ അധികാരം പിടിക്കാന്‍ സഹായിച്ചതില്‍ പ്രതിഷേധിച്ചാണ് തന്റെ നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ പാര്‍ട്ടിയുടെ മുഖമായി തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more