പനാജി: ഗോവയില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് പ്രഭാകര്‍ ടിംബ്ള്‍ രാജിവെച്ചു. ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം രാജി വാര്‍ത്ത സ്ഥിരീകരിച്ചു.
തെരഞ്ഞടുപ്പില്‍ തങ്ങളുടെ പ്രചരണം മുഴുവന്‍ ബി.ജെ.പിയ്ക്ക് എതിരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് ഇനി തനിക്ക് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് സീറ്റുകളില്‍ തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി അസംതൃപ്തരായിരുന്നു. തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് മറുപടിയെന്നോണമാണ് അവസാന നിമിഷം പാര്‍ട്ടി ബി.ജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാല്‍ ബി.ജെ.പിയ്ക്കെതിരെ അതിശക്തമായ പ്രചരണം നടത്തിയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്നിടങ്ങളില്‍ വിജയിച്ചത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും.
നേരത്തേ കോണ്‍ഗ്രസ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതോടെയാണ് എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയത്.
40 നിയമസഭാ സീറ്റുകളുള്ള ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി ധാരണയിലെത്തിയ ബി.ജെ.പി 22 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.