അന്ന് രാത്രി അമിത്ഷാ ഭരണത്തിലേക്ക് നയിച്ചു; ഇന്ന് ആളുകൂടിയപ്പോള്‍ നഷ്ടം സംഭവിച്ച് വിജയ് സര്‍ദേശായി
BJP in Goa
അന്ന് രാത്രി അമിത്ഷാ ഭരണത്തിലേക്ക് നയിച്ചു; ഇന്ന് ആളുകൂടിയപ്പോള്‍ നഷ്ടം സംഭവിച്ച് വിജയ് സര്‍ദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2019, 9:19 pm

ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞത് 2017ലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റോടെ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 13 സീറ്റായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് 3 സീറ്റുകള്‍. എം.ജി.പിക്ക് 1 സീറ്റ്. എന്‍.സി.പിക്ക് 1 സീറ്റ്. 3 സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍.

സ്വാഭാവികമായും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നതിന്റെ പിറ്റേന്ന് സര്‍ക്കാരുണ്ടാക്കാന്‍ ഗോവയിലെത്താനാണ് അന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് തീരുമാനിച്ചത്. എന്നാല്‍ ഫലം വന്ന അന്ന് രാത്രി തന്നെ സംസ്ഥാനത്ത് ഇടപെട്ട് ബി.ജെ.പി സര്‍ക്കാരുണ്ടാക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അന്നതിന് സഹായിച്ചത് പൊതുവേ മതേതര കക്ഷിയെന്ന് കരുതുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയായിരുന്നു.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരെയും മന്ത്രിമാരാക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ വിജയ് സര്‍ദേശായിയെ ഉപമുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക്.

കോണ്‍ഗ്രസിന്റെ 10 എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തിയതിനെ തുടര്‍ന്ന് ഒറ്റക്ക് ഭരിക്കാനുള്ള ശക്തിയായതോടെയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയോട് മന്ത്രിസഭയില്‍ നിന്ന് മാറാന്‍ ബി.ജെ.പി ആവശ്യപ്പെട്ടത്. ഇതോടെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ് വിജയ് സര്‍ദേശായി.