ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബി.ജെ.പിയിലേക്ക്, മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായേക്കും
national news
ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബി.ജെ.പിയിലേക്ക്, മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 5:04 pm

പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി രവി നായിക്കിന്റെ രണ്ട് മക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു. നിലവില്‍ പോണ്ട എം.എല്‍.എയായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ആണ് ബി.ജെ.പിയില്‍ ചേരുന്നത്.

റിതേഷ് നിലവില്‍ പോണ്ട മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ ആരോഗ്യമന്ത്രിയായ വിശ്വജിത്ത് റാണെയ്‌ക്കെതിരെ റോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

നിലവില്‍ പോണ്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായ വെങ്കടേഷ് നായിക്കിനെ മാറ്റി റിതേഷിനെ തല്‍സ്ഥാനത്ത് നിയമിക്കാനാണ് ബി.ജെ.പി തീരുമാനം. റിതേഷിനൊപ്പമുള്ള കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേരും.

1999ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പോണ്ട നിയമസഭ സീറ്റില്‍ മത്സരിച്ച് വിജയിച്ച രവി നായിക്ക് 200ല്‍ ഒരു കൂട്ടം എം.എല്‍.എമാരോടൊപ്പം കോണ്‍ഗ്രസിനോട് വിയോജിച്ച് ബി.ജെ.പിയെ പിന്തുണച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി മന്ത്രിസഭ അധികാരത്തിലേറിയത്. 2002വരെ ബി.ജെ.പിയോടൊപ്പമായിരുന്ന രവി നായിക്ക് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2002ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. അതിന് ശേഷം ഇത് വരെ കോണ്‍ഗ്രസിനോടൊപ്പമാണ് രവി നായിക്ക്.

തന്റെ മക്കള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് രവി നായിക്കിന്റെ പ്രതികരണം. കുറച്ചു കാലമായി രവി നായിക്ക് ബി.ജെ.പിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ഇരുവര്‍ക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കിയേക്കും. പോണ്ട സീറ്റില്‍ വിജയിക്കുന്നതിന് വേണ്ടി ബി.ജെ.പി ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പായി അത് നടക്കാറില്ല. ഇരുവരും വരുന്നതോടെ പോണ്ട നിയമസഭ മണ്ഡലത്തിലും താലൂക്കിലും ബി.ജെ.പിക്ക് ശക്തിയേറുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

പോണ്ട താലൂക്കിലെ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബി.ജെ.പിക്കുള്ളത്. അത് തന്നെ നേരത്തെ കോണ്‍ഗ്രസിലുണ്ടായിലുണ്ടായിരുന്ന സുഭാഷ് ശിരോദ്ക്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ്. റിതേഷിന്റെയും റോയിയുടേയും വരവോടെ ഈ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ