രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ലൈഫ് ഓഫ് പൈ
Movie Day
രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ലൈഫ് ഓഫ് പൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st October 2012, 10:47 am

പനജി: നവംബര്‍ 20-ന്  ഗോവയില്‍ തുടങ്ങുന്ന ഇന്ത്യയുടെ 43-മത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഓസ്‌കര്‍ ജേതാവും വിഖ്യാത സംവിധായകനുമായ ആങ്ങ് ലീയുടെ ഏറ്റവും പുതിയ ചിത്രമായ ” ലൈഫ് ഓഫ് പൈ.[]

ഇന്ത്യയിലെ പുതുച്ചേരിയുടെ പശ്ചാത്തലത്തില്‍  “ലൈഫ് ഓഫ് പൈ  എന്ന പേരില്‍ തന്നെ യാന്‍ മാര്‍ടല്‍ എഴുതിയിട്ടുള്ള നോവലിന്റെ ത്രീഡി  ചലച്ചിത്ര രൂപത്തില്‍ കപ്പല്‍ഛേദത്തില്‍ നിന്ന് രക്ഷപ്പെടുന്ന പതിനാറുകാരന്റെ സാഹസിക ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്.

നവംബര്‍ 23-ന് ലോകമാകെ  റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ രാജ്യന്തര പ്രദര്‍ശനമാണ് ഗോവയില്‍ മേളയുടെ മുഖ്യവേദിയില്‍ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തയ്‌വാന്‍ വംശജനായ അമേരിക്കന്‍ സംവിധായകന്‍ ആങ്ങ് ലീയുടെ ഈ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും തബു, ഇര്‍ഫാന്‍ ഖാന്‍ എന്നിവരും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജ് ശര്‍മ്മയുമുണ്ട്.

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഒരു വിഖ്യാത ഹോളിവുഡ് സംവിധായകന്റെ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രം തന്നെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗോവ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു.

മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ഏഷ്യന്‍ മേഖലയില്‍ നിന്ന് ആദ്യമായി കരസ്ഥമാക്കിയത് ആങ്ങ് ലീയാണ്. പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളായ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി, ഹിഡണ്‍ ഡ്രാഗണ്‍, ക്രോച്ചിങ് ടൈഗര്‍, ഹള്‍ക്ക്, ബ്രോക്ക്ബാക്ക് മൗണ്ടന്‍ എന്നിവയുടെ സംവിധായകനാണ് ആങ്ങ് ലീ.