പനജി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വൈകാതെ തന്നെ ഗോവ സന്ദര്‍ശിക്കാനാണ് മമതയുടെ പദ്ധതി.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് മമത തന്ത്രം മെനയുന്നത്. നിലവില്‍ പ്രശാന്തിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മമത വൈകാതെ ഗോവയിലെത്തും. ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം.
ഗോവയിലേക്ക് തൃണമൂല്‍ എം.പിമാരുടെ സംഘവും ഉടനെത്തും. 40 അംഗ ഗോവന്‍ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 ഉം ബി.ജെ.പിയ്ക്ക് 13 ഉം സീറ്റാണ് ലഭിച്ചിരുന്നത്.
എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബി.ജെ.പി ഇവിടെ അധികാരമുറപ്പിക്കുകയായിരുന്നു.
നേരത്തെ ബംഗാളിലെ വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി തൃണമൂലിന് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മമത ആരംഭിച്ചിരുന്നു. അസമില്‍ അഖില്‍ ഗൊഗോയിയുമായി ചേര്‍ന്ന് ഇതിനുള്ള പ്രാരംഭ പദ്ധതികള്‍ മമത ആരംഭിച്ചിട്ടുണ്ട്.