വിദേശരാജ്യ സന്ദര്‍ശനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് മോദിക്ക് നല്‍കണം; ഗിന്നസ് അധികൃതര്‍ക്ക് കോണ്‍ഗ്രസ്സിന്റെ കത്ത്
national news
വിദേശരാജ്യ സന്ദര്‍ശനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് മോദിക്ക് നല്‍കണം; ഗിന്നസ് അധികൃതര്‍ക്ക് കോണ്‍ഗ്രസ്സിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 11:14 am

പനാജി: ഏറ്റവുമധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുള്ള റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗിന്നസ് അധികൃതര്‍ക്ക് ഗോവ കോണ്‍ഗ്രസ് യൂണിറ്റിന്റെ കത്ത്. റെക്കോര്‍ഡ് മോദിയുടെ പേരില്‍ നല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗിന്നസ് ബുക്ക് അധികൃതര്‍ക്കെഴുതിയത്.

“നാലു വര്‍ഷത്തിനിടെ 52 രാജ്യങ്ങളിലേക്കായി 41 യാത്രകളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ടുള്ളത്. അങ്ങേയറ്റം സന്തോഷത്തോടുകൂടി അദ്ദേഹത്തിന്റെ പേര് ഞങ്ങള്‍ ലോക റെക്കോര്‍ഡിനായി നിര്‍ദ്ദേശിക്കുകയാണ്.” ഗോവ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്‍പ് അമോന്‍കര്‍ അയച്ച കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് അമോന്‍കര്‍ മാധ്യമങ്ങള്‍ക്കു കൈമാറി.

355,30,38,465 രൂപയാണ് മോദി വിദേശ പര്യടനങ്ങള്‍ക്കായി ചെലവഴിച്ചതെന്നാണ് കത്തിലെ പരാമര്‍ശം.”ചരിത്രത്തിലിന്നേവരെ ഒരു പ്രധാനമന്ത്രിയും തന്റെ ഭരണകാലത്തിനിടെ ഇത്രയധികം യാത്രകള്‍ നടത്തിയിരിക്കില്ല. ഇന്ത്യയിലെ ഭാവി തലമുറയ്ക്കു തന്നെ മാതൃകയാണദ്ദേഹം.” കത്തില്‍ പരിഹാസസൂചകമായി പറയുന്നു.


Also Read: പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


മോദി അധികാരത്തിലുള്ള കാലത്താണ് ഇന്ത്യയില്‍ രൂപയുടെ മൂല്യം കുറഞ്ഞ് 69.03ല്‍ എത്തിയതെന്നും ഏഷ്യയിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലുള്ള കറന്‍സിയായി രൂപ മാറിയെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്ത്യയിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം മോദി ചെലവഴിച്ചത് വിദേശത്താണെന്നും അമോന്‍കര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വെളിപ്പെടുത്താനാണ് ഇത്തരമൊരു കത്തെഴുതിയതെന്നും കോണ്‍ഗ്രസ് ഗോവ നേതൃത്വം പറയുന്നു.