| Thursday, 10th March 2022, 8:29 am

സ്ഥാനാര്‍ത്ഥികള്‍ റിസോര്‍ട്ടിലാണെങ്കിലും കോണ്‍ഫിഡന്റെന്ന് കോണ്‍ഗ്രസ്; വോട്ടെണ്ണലിന് മുമ്പ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാസ്‌കോ: വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗോവ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങി കോണ്‍ഗ്രസ്. ഗോവയില്‍ ശക്തമായ ലീഡ് നേടുമെന്ന് ഉറപ്പാണെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്നുമാണ് സൂചനകള്‍.

ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടില്ല.

2017ല്‍ സംഭവിച്ച വീഴ്ചകളില്‍ നിന്നും കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടെന്നും, ഇത്തവണ എന്തായാലും സര്‍ക്കാരുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഗോവയില്‍ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും കൈമുതലാക്കിയിരിക്കുകയാണ്. എന്നാല്‍, തന്റെ പിറന്നാളാഘോഷിക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയെന്നാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെടുന്ന ദിഗംബര്‍ കാമത്ത് പറയുന്നത്.

‘ഇത്തവണ തീരുമാനങ്ങള്‍ പെട്ടന്ന് തന്നെ എടുക്കും. ഞങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികളെയും ചെന്ന് കാണുകയും അവര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഞങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി എത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താല്‍ എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും,’ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നിന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ മറ്റുപാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും മറ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഫലം വന്നതിന് ശേഷം പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥകള്‍ വിലയിരുത്താനും പോസ്റ്റ് പോള്‍ തന്ത്രങ്ങള്‍ മെനയാനും രാഹുല്‍ ഗാന്ധി നേരത്തെ ഗോവയിലെത്തിയിരുന്നു.

‘ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. അഥവാ ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാവുകയാണെങ്കില്‍ ബി.ജെ.പി ഇതര പാര്‍ട്ടിയുമായി കൈകോര്‍ക്കാനും ഞങ്ങള്‍ തയ്യാറാണ്,’ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനായ ഗിരീഷ് ചൗദാങ്കര്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഇതേ സ്ഥിതിവിശേഷം ഉത്തരാഖണ്ഡിലുമുണ്ടാവുകയാണെങ്കില്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി നിയോഗിച്ചിരിക്കുന്നത്.

Content Highlight: Goa Congress Seeks Meet With Governor Before Counting: Sources

We use cookies to give you the best possible experience. Learn more