| Monday, 24th January 2022, 7:15 pm

അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല | Trollodutroll

അനുഷ ആന്‍ഡ്രൂസ്

ഇത്രേം ഗതികേട് നീ ശത്രുക്കള്‍ക്ക് പോലും കൊടുക്കരുതേ. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ഇലക്ഷനില്‍ ഉണ്ടായതു പോലെ നേതാക്കള്‍ കൂറുമാറി ബി.ജെ.പിയില്‍ പോകാതിരിക്കാന്‍ പാര്‍ട്ടിയുടെ 36 സ്ഥാനാര്‍ത്ഥികളെകൊണ്ട് ഞങ്ങള്‍ കൂറുമാറമാട്ടേന്‍, കാശ് വാങ്ങമാട്ടേന്‍, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവേന്‍ എന്നൊക്കെ പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നു.

കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നുള്ള പരദൂഷണം ഇന്നും ഇന്നലേം തുടങ്ങിയതല്ല. അല്ല അതാണല്ലോ പതിവ്. അതിനുള്ള മറുപടി ആണത്രേ ആരാധനാലയങ്ങളില്‍ പോയുള്ള ഈ പ്രതിജ്ഞ എടുപ്പിക്കല്‍. ഒന്നൂടെ ഉറപ്പിക്കാന്‍ തിളപ്പിച്ച എണ്ണയില്‍ കൈമുക്കിയുള്ള സത്യം ചെയ്യിക്കലായിരിക്കും അടുത്തത്.

Congress candidates swore an oath at Mahalaxmi temple, Panaji, Holy Cross Shrine, Bambolim, and Mohamad Hamza Shah dargah, Betim

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കാരണം അമ്മാതിരി ആയിരുന്നില്ലേ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം. അതായത് ഗോവയില്‍ 17 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ രണ്ട് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് നേരായ വഴിയില്‍ പ്രവര്‍ത്തനം നടന്നില്ലെങ്കില്‍ കര്‍ത്താവിന്റെ നാമത്തിലോ രാമന്റെ നാമത്തിലോ അള്ളാഹുവിന്റെ നാമത്തിലോ സത്യം ചെയ്യിക്കല്‍ ഗുണം ചെയ്യും.

മതപരമായ സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടുള്ള ഈ സത്യം ചെയ്യിക്കല്‍ ഒരു തരത്തിലും ഭരണഘടനാപരമായി ബാധകമായ കാര്യമല്ല.
അതുകൊണ്ട് ഇത്തരം സത്യപ്രതിജ്ഞകളെക്കുറിച്ച് എന്തെങ്കിലും ഗൗരവം പാര്‍ട്ടിക്ക് ഉണ്ടെങ്കില്‍ അത് ഭരണഘടനാപരമായാണ് ചെയ്യേണ്ടത്. അല്ലാതെ അമ്മച്ചിയാണെ സത്യം! എന്ന് പറയിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നത് വല്ലാത്ത ഗതികേട് തന്നെയാണ്.

Congress candidates in Goa taking ‘pledge of loyalty’ towards the party against defections. (Photo: ANI/Twitter)

ഈ സംഭവം കണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ നില്‍ക്കുകയാണ് ജനങ്ങള്‍. കാരണം കൂറുമാറ്റം കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയൊരു വിഷയം തന്നെയാണ്. 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോണ്‍ഗ്രസിനാണ്് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും എം.പിമാരെയും എം.എല്‍.എമാരെയും നഷ്ടപ്പെട്ടത്.

2014 നും 2021 നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൊത്തം 222 ഇലക്ട്രല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേരുകയും 177 എം.പിമാരും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപോയതായും നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്റെ് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ കൂറുമാറ്റവും വേലിചാടലുമൊക്കെ കോണ്‍ഗ്രസ്സിന്റെ തന്നെ പിടിപ്പുകേടുകൊണ്ടാണ് എന്ന് പറഞ്ഞാല്‍ ആ പ്രസ്താവനയെ തള്ളിക്കളയാന്‍ പറ്റില്ല. ജനങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള സംഘടിതമായ സംവിധാനങ്ങളോ, അവരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഒരുപാട് നാളായി ഉണ്ടാകാറില്ല. സമാജ് വാദിയെ പോലെയുള്ളവര്‍ക്ക് ഈ മാര്‍ഗംകളിയുടെ ആവശ്യം ഇല്ലത്താതതും അതുകൊണ്ടാണ്.

അതി നിര്‍ണായകമായ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയവരില്‍ യു.പി.എ സര്‍ക്കാരിലെ മുന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ, മുന്‍ കേന്ദ്ര വൈദ്യുതി മന്ത്രിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായിരുന്ന റാവു ഇന്ദര്‍ജിത് സിംഗ് എന്നിവര്‍ വരെ ഉണ്ടായിരുന്നു.

SM Krishna joinng bjp in 2017

കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ഒരുപാട് നേതാക്കള്‍ പൊടിയും തട്ടി ബി.ജെ.പിയില്‍ പോയിട്ടുണ്ട്. ഉദാഹരണത്തിന് നാരായണ്‍ റാണെ, കൊങ്കണ്‍ രാഷ്ട്രീയത്തിലെ തന്നെ കരുത്തനായ കോണ്‍ഗ്രസ്സ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന നാരായണ്‍ റാണെ 2019 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കാബിനെറ്റിലെ തന്റെ സഹപ്രവര്‍ത്തകനായ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീലിനൊപ്പം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

Narayan Rane

അതുപോലെ തന്നെ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന് നേതാവ് എന്‍.ഡി തിവാരി ഭാര്യക്കും മകനുമൊപ്പെം കുടുബസമേതം ആയിരുന്നു 2017ല്‍ ബി.ജെ.പിയിലേക്ക് പോയത്. 2016ല്‍ കൂറുമാറ്റത്തിന്റെ കളിയായിരുന്നു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, നിയമസഭാ മുന്‍ സ്പീക്കര്‍ യശ്പാല്‍ ആര്യ, മന്ത്രിയായിരുന്ന ഹരണ്‍ സിംഗ്, എന്തിന് 2014ല്‍ കോണ്‍ഗ്രസില്‍ നിന്ന് ചാടിപേയ മുന്‍മന്ത്രി സത്പാല്‍ മഹാരാജ്് ഇപ്പൊ ഉത്തരാഖണ്ഡിലെ ബി.ജെ.പിയുടെ അരുമായായ മന്ത്രിയാണ്.

കുടുംബക്കാരെ മാത്രേ ഭരിപ്പിക്കു, ‘ആരൊക്കെയാ ഈ പാര്‍ട്ടി, ഞാനും എന്റെ മോന്‍ രാഹുലും അവന്റെ സഹോദരി പ്രയങ്കയും’എന്ന് പറഞ്ഞിരുന്നാല്‍ അവടെ ഇരിക്കാം. ജവഹര്‍ലാല്‍ നെഹ്‌റുവിനോടുള്ള റസ്‌പെക്ടിന്റെ പുറത്ത് ഇന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ആളുകളുണ്ട്. അതിന്റെയൊക്കെ പോഷകത്തില്‍ മാത്രം ഒതുങ്ങികൂടാനാണ് ഞങ്ങളുടെ തീരുമാനം എന്ന് കോണ്‍ഗ്രസ്് തീരുമാനിച്ചാല്‍ പിന്നെ വേറെ വഴി ഇല്ല.

നെഹ്റു, പട്ടേല്‍, ഗാന്ധി, മൗലാനാ ആസാദ് തുടങ്ങി ഇന്ത്യയിലെ കരുത്തുറ്റ നേതൃത്വം മുഴുവന്‍ ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് ശ്രദ്ധകുറവുകൊണ്ട് മാത്രം എത്രയെത്ര നേതാക്കളാണ് കൂറ് മാറി പോകുന്നത്. ഇതൊക്കെ ആരോട് പറയാനാണ്.

ജഗദാംബിക പാല്‍, മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രാംദയാല്‍ ഉയ്‌കെ, അസമിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍, എന്നിങ്ങനെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചാടി പോയവരുടെ കണക്ക് വളരെ വലുതാണ്.

ഇന്ത്യയുടെ ചരിത്രവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രവും വളരെ അടുത്ത് കിടക്കുന്ന ഒന്നാണ്. കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് രാജ്യത്തിന്റെ ഭരണം പൂര്‍ണമായും നഷ്ടപ്പെട്ടിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. പകരം വന്നതാണെങ്കില്‍ അങ്ങേയറ്റം ഫാസിസ്റ്റുകളായ, ജനദ്രോഹനയങ്ങള്‍ മാത്രം ചെയ്തുകൂട്ടുന്ന സര്‍ക്കാറും.

വര്‍ഗീയ ധ്രുവീകരണം മാത്രം ഒരു അജന്‍ഡയാക്കി പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ഇക്കാലത്തിനിടയില്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ കൊണ്ട് പൊറുതി മുട്ടുകയാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍. എണ്ണമറ്റ സമരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത് ആ സമരങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തില്‍ വരിക എന്നതാണ്. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്ന എല്ലാ കക്ഷികളെയും ഒന്നിച്ചുനിര്‍ത്തി വിശാല പ്രതിപക്ഷ ഐക്യത്തിന് രൂപം നല്‍കാന്‍ അടിത്തട്ടില്‍ പണിയെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. ആ നേരത്താണ്, ഇമ്മാതിരി പ്രതിജ്ഞയുമായി വന്ന് നേതാക്കളെ കോമഡി പീസുകളായി അവതരിപ്പിക്കുന്നത്.

പിന്നെ ഒരു റിക്വസ്റ്റ്് ഉണ്ട്. നിങ്ങള്‍ എല്ലാ നേതാക്കളെക്കൊണ്ടും പ്രതിജ്ഞ എടുപ്പിക്കുന്നുണ്ട് എങ്കില്‍ ഇവിടെ കേരളത്തില്‍, ”ഐ വില്‍ ഗോ വിത്ത് ബി.ജെ.പി” എന്ന് വിളിച്ച ഒരു കെ.പി.സി.സി പ്രസിഡന്റുണ്ട്. പുള്ളിയെ കൂടെ ഒന്ന് കൂട്ടുവോ പ്ലീസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


content highlights: Goa Congress candidates pledge to remain loyal to party after polls

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.