| Monday, 13th March 2017, 9:46 am

'ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു'; ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്. 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് തങ്ങള്‍ നല്‍കിയ ലിസ്റ്റ് പരിഗണിക്കാതെ രണ്ടാമത് അവകാശവാദമുന്നയിച്ച ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.


Also read യു.പി നിയമസഭയിലെ 143 അംഗങ്ങള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; നേരിടുന്നത് കൊലപാതകവും സ്ത്രീകളെ അക്രമിച്ച കേസുകളും 


ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചു. 17 സീറ്റുകള്‍ നേടി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് 13 സീറ്റ് മാത്രം നേടിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നത്. പരീക്കറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ബി.ജെ.പി ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു.

21 പേരുടെ പിന്തുണ ആവകാശപ്പെട്ട പരീക്കര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരീക്കറെ പരിഗണിച്ച് കൊണ്ടുള്ള പത്രക്കുറിപ്പ് ഗവര്‍ണറുടെ സെക്രട്ടറി ഇന്നലെ തന്നെ പുറത്തിറക്കുകയും ചെയ്തു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തുന്നത്.

13 സീറ്റുള്ള ബി.ജെ.പി എം.ജി.പിയുടേയും ജി.എഫ്.പിയുടേയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി കാര്യ നേതാവിനെ തീരുമാനിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് യോഗം ചേരുന്നുണ്ട്.

We use cookies to give you the best possible experience. Learn more