പനാജി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പി ഗോവയിലെ ജനങ്ങള്‍ക്കിടയില്‍ കാത്തോലിക്കാ പുരോഹിതന്മാരോടുള്ള ശത്രുത വളര്‍ത്തുകയാണെന്ന് ഗോവ കോണ്‍ഗ്രസ്.
ജനങ്ങള്‍ക്കിടയില്‍ പുരോഹിതന്മാര്‍ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് ബി.ജെ.പി വരുത്തിത്തീര്‍ക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ഇത്തരമൊരു നടപടിയിലേക്ക് ബി.ജെ.പിയെ നയിക്കുന്നതെന്നും ഗോവ കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ഗോവയിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
ദക്ഷിണ ഗോവയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പല്ലവി ഡെംപോയ്ക്കെതിരെ കത്തോലിക്ക പുരോഹിതര്‍ പ്രവര്‍ത്തിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിക്ക് കാരണം അതാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി വക്താവ് ഗിരിരാജ് പൈ വെര്‍ണേക്കറിനും മോര്‍മുഗാവോ എം.എല്‍.എ സങ്കല്‍പ് അമോങ്കറിനുമെതിരെ കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ചോദ്ക്കര്‍ പരാതി നല്‍കിയത്.
ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ കത്തോലിക്കാ പുരോഹിതന്മാരോട് ആളുകള്‍ക്ക് ശത്രുത വളര്‍ത്താനുതകുന്നതാണെന്ന് ദക്ഷിണ ഗോവയിലെ മര്‍ഗോവോ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചോദങ്കര്‍ പറഞ്ഞു.
ദക്ഷിണ ഗോവ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായത് ജനങ്ങള്‍ക്കിടയില്‍ കാത്തോലിക്കാ പുരോഹിതന്മാര്‍ നടത്തിയ ധ്രുവീകരണമാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ഇത് തീര്‍ത്തും തെറ്റാണ്.
‘കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകേണ്ടിയിരുന്നു,’ അദ്ദേഹം പരാതിയില്‍ പറഞ്ഞു.
സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണ്. കത്തോലിക്കാ പുരോഹിതരെ ബലിയാടാക്കുകയാണ്, അന്യായമായി മത നേതാക്കളെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ഇതില്‍ നിന്നും ബി.ജെ.പി പിന്തിരിയണം.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നിരാശ തീര്‍ക്കാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വര്‍ഗീയ വിഭജനത്തിനും സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് പോലും കാരണമായേക്കുമെന്നും മുന്‍ ഗോവ കോണ്‍ഗ്രസ് മേധാവി പറഞ്ഞു.
‘അവരുടെ ഈ ആരോപണങ്ങള്‍ മതനേതാക്കളെ ലക്ഷ്യം വയ്ക്കാന്‍ വലതുപക്ഷ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചേക്കും. ഇത് മണിപ്പൂരില്‍ സംഭവിച്ച അശാന്തിക്ക് സമാനമായ ഒരു സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കും,’ അദ്ദേഹം പറഞ്ഞു.
വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി ഇരു നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നും ചോദങ്കര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നുമായിരുന്നു വിഷയത്തില്‍ സൗത്ത് ഗോവ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നാഷണല്‍ ഹെറാല്‍ഡിനോട് പ്രതികരിച്ചത്.
Content Highlight: Goa Congress accuses BJP of ‘inciting hostility’ towards Catholic priests