പനജി: ഗോവ കൂട്ടബലാത്സംഗത്തില്‍ കുട്ടികളുടെ കുടുംബത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു മുഖ്യമന്ത്രി എന്ന നിലയിലും ഒരു 14 വയസുകാരിയുടെ അച്ഛനെന്ന നിലയിലുമായിരുന്നു താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് സാവന്ത് പരാമര്‍ശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത്.
‘ആ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയിലും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയിലുമാണ് ഞാന്‍ അത് പറഞ്ഞത്. എനിക്ക് ആ സംഭവം വേദനയും അസ്വസ്ഥതയും ഉണ്ടാക്കി,’ പ്രമോദ് സാവന്ത് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് രണ്ട് പെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഈ സംഭവത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെയായിരുന്നു സാവന്തിന്റെ മോശം പരാമര്‍ശം.
14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പൊലീസിനും സര്‍ക്കാരിനുമല്ല ഉത്തരവാദിത്തം എന്നായിരുന്നു സാവന്ത് പറഞ്ഞത്.
നിയമസഭയിലായിരുന്നു സാവന്തിന്റെ പരാമര്‍ശം. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും സാവന്തിനാണ്.
മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ പിന്‍വലിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയതിനു ശേഷമായിരുന്നു പെണ്‍കുട്ടികളെ സംഘം ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തി സര്‍ക്കാരും പൊലീസും കൈ കഴുകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Goa CM Pramod Sawant clarifies controversial remark on rape of 2 minors