പനജി: ഗോവ കൂട്ടബലാത്സംഗത്തില്‍ കുട്ടികളുടെ കുടുംബത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു മുഖ്യമന്ത്രി എന്ന നിലയിലും ഒരു 14 വയസുകാരിയുടെ അച്ഛനെന്ന നിലയിലുമായിരുന്നു താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് സാവന്ത് പരാമര്‍ശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത്.
‘ആ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയിലും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയിലുമാണ് ഞാന്‍ അത് പറഞ്ഞത്. എനിക്ക് ആ സംഭവം വേദനയും അസ്വസ്ഥതയും ഉണ്ടാക്കി,’ പ്രമോദ് സാവന്ത് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് രണ്ട് പെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഈ സംഭവത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെയായിരുന്നു സാവന്തിന്റെ മോശം പരാമര്‍ശം.
14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പൊലീസിനും സര്‍ക്കാരിനുമല്ല ഉത്തരവാദിത്തം എന്നായിരുന്നു സാവന്ത് പറഞ്ഞത്.