പനാജി: ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ ജര്‍മ്മനിയിലെ നാസി ഭരണത്തോട് ഉപമിച്ച് ഗോവന്‍ കത്തോലിക്കാ സഭാ മാസിക. “രാജ്യത്ത് ഭരണഘടനയുടെ കൂട്ടക്കൊലയാണ്” നടക്കുന്നതെന്നാണ് മാസികയിലെ ലേഖനത്തില്‍ പറയുന്നത്.
അഭിഭാഷകനായ ഡോ. എഫ്.ഇ നൊരോന്‍ഹയാണ് ലേഖനം എഴുതിയത്. “ദേശീയതലത്തില്‍ വ്യാപിക്കുന്ന ഫാസിസത്തെ” തടയാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ വോട്ടുചെയ്യാനും ലേഖനം ഗോവന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു.
ഗോവന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ പരോക്ഷവിമര്‍ശനമുന്നയിക്കുന്ന ലേഖനം ദേശവ്യാപകമായ ഫാസിസത്തിനോട് യോജിച്ചുനില്‍ക്കുന്ന, അതിനു മുമ്പില്‍ നട്ടെല്ലുവളയ്ക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്നും ആവശ്യപ്പെടുന്നു.
“2012ല്‍ എല്ലാവരും ചിന്തിച്ചത് അഴിമതി രഹിത ഗോവയെന്ന ലക്ഷ്യംനേടുകയെന്നതായിരുന്നു. 2014വരെ ഈ ചിന്ത തുടര്‍ന്നു. പക്ഷെ അവിടംമുതല്‍ ഇന്ത്യയില്‍ എല്ലാദിവസമെന്തോണം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഭരണഘടനയുടെ കൂട്ടക്കൊലയാണ്. അഴിമതി വളരെ മോശം കാര്യമാണ്. വര്‍ഗീയതയും മോശമാണ്. ഇവ രണ്ടിനേക്കാളും മോശമാണ് നാസിസം.” ലേഖനത്തില്‍ പറയുന്നു.
“വില്യം ഷിററിന്റെ “ദ റൈസ് ആന്റ് ഫോള്‍ ഓഫ് ദ തേഡ് റിച്ച്” അലന്‍ ബുള്ളോക്കിന്റെ ” എ സ്റ്റഡി ഓഫ് ടൈറനി” ഹിറ്റ്‌ലറിന്റെ “മെയിന്‍ കാഫ്” എന്നിവ വായിച്ചിട്ടുള്ളര്‍ക്ക് 1933ലെ ജര്‍മ്മനിയിലെ നാസിസത്തിന്റെ വളര്‍ച്ചയും 2014ലെ ഇന്ത്യയും തമ്മില്‍ ബന്ധം കാണാനാവും.” ലേഖനത്തില്‍ പറയുന്നു.
രാജ്യം ഇന്ന് ഭരിക്കുന്ന ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണെന്നും മറ്റുള്ളവരെല്ലാം അവരുടെ വളര്‍ത്തുനായകളുമാണെന്ന് ലേഖനം പറയുന്നു. “രാജ്യം ഒന്നോ രണ്ടോ ആളുകളാണ് ഭരിക്കുന്നത്. മറ്റുള്ളവരെല്ലാം വെറും അനുചരന്മാരോ വളര്‍ത്തുനായ്ക്കളോ ആണ്. ഇത്തരം വ്യക്തികളുടെ ഭൃത്യന്മാര്‍ക്ക് വോട്ടു ചെയ്യരുത്.” ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
Don”t Miss: ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണ് തനിക്കെതിരായ കേസ്: സാക്കിര്‍ നായിക്ക്
“അഴിമതിയേക്കാള്‍ പ്രധാനം ജനാധിപത്യത്തിനും മതേതരത്വത്തിനും ഉള്ള സ്വാതന്ത്ര്യമാണ്. നമുക്ക് അഭിപ്രായം പറയാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും രാഷ്ട്രീയമായും സ്വാതന്ത്ര്യമുണ്ടെങ്കില്‍ അഴിമതി ഭരണമാണ് ഭേദം” ലേഖനത്തില്‍ പറയുന്നു.
പനാജിയിലെ ബിഷപ്പ് ഹൗസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാഗസീനിലാണ് ഈ ലേഖനം വന്നിരിക്കുന്നത്.