|

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: രോഗബാധിതനായി ഏറെ നാളായി ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പനജിയിലെ വസതിയിലായിരുന്നു അന്ത്യം.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു.

മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിലാണെന്ന് നേരത്തെ ഗോവ വിധാന്‍ സഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ  മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പരീക്കറിനു പകരം മറ്റൊരാളെ കണ്ടെത്തുമെന്നും ലോബോ പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

Read Also : നിസ്‌കാര നിര കൊണ്ട് എംബ്ലം വരച്ച് ന്യൂസിലാന്റ്; ഭീകരാക്രമണത്തിലെ ഇരകളെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരം വില്ല്യംസണും

മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു എന്നാണ് പരീക്കറുടെ മുഴുവന്‍പേര്. ഗോവ മപുസയില്‍ 1955ല്‍ ജനിച്ച പരീക്കര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഐ.ഐ.ടി ബോബെയില്‍നിന്ന് ബിരുദം നേടി. വിദ്യാഭ്യാസത്തിനൊപ്പം ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു പരീക്കര്‍.

ആദ്യം നോര്‍ത്ത് ഗോവയിലും പിന്നെ സംസ്ഥാനത്തും സംഘടനയെ വളര്‍ത്തി. അയോധ്യ രാമജന്‍മഭൂമിവിഷയത്തില്‍ സംഘപരിവാര്‍ നീക്കങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു പരീക്കര്‍.

ഭാരതീയ ജനതാപാര്‍ട്ടിയുടെ ഗോവയിലെ മുഖമായിരുന്ന മനോഹര്‍ പരീക്കര്‍ നിര്‍ണായക നീക്കങ്ങളിലൂടെ, സംസ്ഥാനത്ത് തുടര്‍ച്ചയായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച നേതാവാണ്.