പനജി: പ്രതിപക്ഷ നേതാവടക്കം പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ കിട്ടിയതോടെ സഖ്യകക്ഷികളെ ഒഴിവാക്കാനൊരുങ്ങി ഗോവ ബി.ജെ.പി. സഖ്യകക്ഷി മന്ത്രിമാരോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് നാല് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടും രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആകെ 12 മന്ത്രിമാര്‍ മാത്രമാണ് ഗോവയിലുള്ളത്. ഇവരില്‍ എട്ടുപേരും ബി.ജെ.പിക്കാരാണ്.
പുതുതായി മന്ത്രിമാരാവുന്നത് ആരൊക്കെയാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. രാജിക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ചശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നിലപാട്.
ചന്ദ്രകാന്ത് കാവ്ലേക്കര്‍, ഇസിദോര്‍ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വേര, ഫിലിപ്പെ നെരി റോഡ്രിഗസ്, ജെന്നിഫര്‍, അടാനാസിയോ മോണ്‍സറേറ്റ്, നിളാകാന്ത് ഹലാന്‍കര്‍, ക്ലഫേഷിയോ ഡയസ്, വില്‍ഫ്രഡ് ഡിസ എന്നിവരാണ് കഴിഞ്ഞദിവസം ബി.ജെ.പിയിലേക്കു ചേക്കേറിയത്. ഇതില്‍ കാവ്‌ലേക്കര്‍ പ്രതിപക്ഷനേതാവായിരുന്നു.
10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിയിലെത്തിയതോടെ ആകെ 27 എം.എല്‍.എമാരുടെ ബലം ബി.ജെ.പിക്കായിരുന്നു. 21 എം.എല്‍.എമാരാണ് നാല്‍പ്പതംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനായി വേണ്ടത്.
സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ബി.ജെ.പി സംസ്ഥാനത്തു ഭരിക്കുന്നത്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായിരുന്നു കോണ്‍ഗ്രസ്. സഖ്യകക്ഷികളെ കൂട്ടിയായിരുന്നു കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി ഇവിടെ ഭരണത്തിലേറിയത്.