| Thursday, 26th July 2018, 10:55 am

ബീഫ് ഉറപ്പാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു: ഗോവ ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയിലേക്കുള്ള ബീഫ് ഇറക്കുമതി തടയുന്ന ഗോരക്ഷകരെ കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.എയും ഗോവ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ.

“ഗോ രക്ഷകരെന്ന് പറയുന്നവര്‍ അതിര്‍ത്തിയിലെത്തി ഗോവയിലേക്കുള്ള ബീഫ് ഇറക്കുമതി തടയുകയാണ്. ചില ഗോരക്ഷകര്‍ ബീഫിലേക്ക് പെനോയില്‍ ഒഴിച്ചതായി കേട്ടു. ഗോവയിലെ സര്‍ക്കാര്‍ അറവുശാല അടച്ചിട്ടിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ബീഫ് കൊണ്ടുവരാന്‍ അനുവദിക്കില്ലെങ്കില്‍ ഗോവയിലെ സര്‍ക്കാര്‍ അറവുശാലകള്‍ തുറന്നു പ്രവര്‍ത്തിക്കണം” ലോബോ പറഞ്ഞു.

ഗോവയിലെ ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ടൂറിസ്റ്റുകളും ബീഫ് കഴിക്കുന്നവരാണ്. ഗോരക്ഷകര്‍ക്കത് തടയാന്‍ കഴിയില്ലെന്നും ലോബോ പറഞ്ഞു.

ഗോവയില്‍ പ്രതിദിനം ശരാശരി 20-25 ടണ്‍ ബീഫ് ആളുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ദക്ഷിണ ഗോവയിലെ ഉസ്ഗാവോയിലുള്ള ഏക യന്ത്രവത്കൃത സര്‍ക്കാര്‍ അറവുശാല അടച്ചുപൂട്ടിയതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് ബീഫ് എത്തിക്കുന്നത്. ഇതിനാണ് ഗോരക്ഷകര്‍ ഇപ്പോള്‍ തടസം നില്‍ക്കുന്നത്.

ഗോരക്ഷകര്‍ ശല്ല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗോവയിലെ ബീഫ് കച്ചവടക്കാര്‍ ഈ വര്‍ഷമാദ്യം സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഗോരക്ഷകരെ നേരിടാന്‍ സര്‍ക്കാര്‍ പൊലീസിനെ ഇറക്കിയതോടെയാണ് സമരം അവസാനിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more