പനാജി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയും യുവമോര്‍ച്ചാ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയുമാണ് ബി.ജെ.പി അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.ജെ.പിക്ക് ആശയങ്ങളോ ആദര്‍ശങ്ങളോ ഇല്ലെന്നും, അധികാരം ലഭിക്കാന്‍ ഏതറ്റം വരെ പോവാനും ബി.ജെ.പിക്ക് മടിയില്ലെന്നും ടില്‍വേ പറഞ്ഞു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍, ദിനേശ് ഗുണ്ടുറാവു, എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ പ്രവേശിച്ചത്.
ഗജാനന്‍ ടില്‍വേയ്ക്ക് പുറമെ, സങ്കേത് പര്‍സേക്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് തുടങ്ങിയ നേതാക്കളും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി.
മന്ത്രി മൈക്കല്‍ ലോബോ തിങ്കളാഴ്ച ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എം.എല്‍.എയാണ് ലോബോ.
‘ഞാന്‍ ഗോവയുടെ മന്ത്രി പദം രാജിവെച്ചിരിക്കുകയാണ്. കാലങ്കുട്ടെ മണ്ഡലത്തിലെ ജനങ്ങള്‍ എന്റ തീരുമാനത്തെ ശരിവെക്കും എന്നാണ് ഞാന്‍ കരുതുന്നത്. എം.എല്‍എ പദവും ഞാന്‍ രാജിവെക്കാനൊരുങ്ങുകയാണ്.
ഞാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയിലാണ്. ബി.ജെ.പി മുന്നോട്ട് പോകുന്ന രീതിയിലും പ്രവര്‍ത്തകരുടെ അതൃപ്തിയിലും ഞാന്‍ അസ്വസ്ഥനായിരുന്നു,’ ലോബോ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയിലും ലോബോ പങ്കെടുത്തിരുന്നു.
സ്വന്തം മണ്ഡലമായ കാലുങ്കട്ടെ, സലിഗാവോ, സിയോലിംസ മപുസ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലയില്‍ വളരെയധികം സ്വാധീനമുള്ള നേതാവാണ് മൈക്കല്‍ ലോബോ. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍