പഞ്ചിം: ഗോവയിൽ മനോഹർ പരീക്കർ നയിക്കുന്ന ബി.ജെ.പി. സർക്കാരിന് പിന്തുണ നഷ്ടപെട്ടുവെന്നും അതിനാൽ പുതിയ സർക്കാർ രൂപീകരിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഗവർണറെ കണ്ട് ഗോവ കോൺഗ്രസ് ഘടകം. ബി.ജെ.പി. എം.എൽ.എ. ഫ്രാൻസിസ് ഡിസൂസ മരണപെട്ടതിനെ തുടർന്നാണ് സർക്കാരിനല്ല ഭൂരിപക്ഷം നഷ്ടപ്പെട്ടതെന്നാണ് ഗവർണ്ണർ മൃദുല സിൻഹയെ കോൺഗ്രസ് അറിയിച്ചത്. ഗോവയെ രാഷ്ട്രപതി ഭരണത്തിന് കീഴിൽ കൊണ്ട് വരാൻ അനുവദിക്കരുതെന്നും അത് ഭരണഘടനയുടെ ലംഘനമാണെന്നും കോൺഗ്രസ് ഗവർണറെ ബോധിപ്പിച്ചിട്ടുണ്ട്.
Also Read രമ്യാ ഹരിദാസ്: കോണ്‍ഗ്രസിന്‍റെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യം
രണ്ട് ബി.ജെ.പി. എം.എൽ.എമാർ രാജിവെച്ചതും ഡിസൂസ ഫെബ്രുവരി പതിനാലിന് മരണപ്പെട്ടതും കാരണം ബി.ജെ.പി സഖ്യത്തിലെ എം.എൽ.എമാരുടെ നിയമസഭാ പ്രാതിനിധ്യം ഇപ്പോൾ 37 എം.എൽ.എമാർ മാത്രമാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്തിയുൾപ്പെടെയുള്ള ബി.ജെ.പി. പാർട്ടി എം.എൽ.എമാരുടെ എണ്ണം ഇപ്പോൾ 13 ആണ്. അതേസമയം കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം പതിനാലുമാണ്.
ബി.ജെ.പി. നയിക്കുന്ന സർക്കാർ ഇപ്പോൾ ഗോവ നിയമസഭയിൽ ന്യൂനപക്ഷമാണെന്നും ഗവർണർക്കയച്ച കത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കവ്ലേക്കർ പറയുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വിവാദമായതിന്റെ പിറകെയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുമുള്ള ഈ സമ്മർദ്ദവും ബി.ജെ.പിയെ ബുദ്ധിമുട്ടിക്കാനൊരുങ്ങുന്നത്. പാൻക്രിയാറ്റിക് ക്യാൻസറിന് ചികിത്സയിലാണ് പരീക്കർ ഇപ്പോൾ. എന്നാൽ, പരീക്കറിന്റെ സുഖം പ്രാപിച്ച് വരികയാണെന്നാണ് ബി.ജെ.പി. പറയുന്നത്.