| Sunday, 13th August 2017, 8:08 am

'നിങ്ങള്‍ക്ക് സുരക്ഷിതമെന്നു തോന്നുന്ന രാജ്യത്തേക്ക് ഇറങ്ങിപ്പോകൂ' ഹമീദ് അന്‍സാരിയോട് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യത്തേക്ക് പോകൂവെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രക്ഷബന്ധന്‍ പരിപാടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുസ്‌ലിം മഞ്ച് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് അരക്ഷിത ബോധമുണ്ടെന്ന ഹമീദ് അന്‍സാരിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറുപടി.

“ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്‍സാരിയ്ക്ക് ഒരു വിഭാഗത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ മുസ്‌ലീങ്ങള്‍ വരെ രംഗത്തുവന്നു. കസേരയില്‍ ഇരിക്കുന്ന 10 കൊല്ലവും അദ്ദേഹം മതനിരപേക്ഷനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മുസ്‌ലിം മതമൗലികവാദിയായിരിക്കുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് ഇന്ദ്രേഷ് കുമാര്‍ ഹമീദ് അന്‍സാരിയോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്.


Must Read: ‘പ്രധാനപ്പെട്ട സംഭവങ്ങളിലേയ്ക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിച്ചതിന് നന്ദി’;ഗോരഖ്പൂര്‍ സംഭവത്തില്‍ വിശദീകരണവുമായി യോഗി ആദിത്യനാഥ്


” അദ്ദേഹം ഭാരതീയനായിരുന്നു. എന്നാലിപ്പോള്‍ വര്‍ഗീയ ചിന്താഗതിക്കാരനായിരിക്കുന്നു. അദ്ദേഹം എല്ലാ പാര്‍ട്ടികളുടെയും നേതാവായിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമായിരിക്കുന്നു.

ഈ പത്തുവര്‍ഷക്കാലം അദ്ദേഹത്തിന് അരക്ഷിതബോധം തോന്നിയില്ല. മുസ്‌ലീങ്ങള്‍ സുരക്ഷിതരായ ഏതെങ്കിലും രാജ്യത്തെ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. ഈ പ്രശ്‌നമുള്ളിടത്ത് അന്‍സാരി നില്‍ക്കണമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന ഏതു രാഷ്ട്രത്തേക്കും അദ്ദേഹത്തിന് പോകാം.” കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more