| Saturday, 29th April 2023, 5:14 pm

'യേശുവിനെ കാണാന്‍ വനത്തില്‍ പോയി ഉപവസിക്കുക'; പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്നവരുടെ എണ്ണം 100 കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്‌റോബി: ‘യേശുവിനെ കാണാന്‍’ വനത്തില്‍ പോയി പട്ടിണി കിടന്നതില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. പാസ്റ്ററുടെ വാക്ക് വിശ്വസിച്ച് കാട്ടില്‍പോയി പട്ടിണി കിടന്ന സംഘത്തിലെ 103 പേരാണ് മരിച്ചതെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രി കിത്തുരെ കിന്തികി അറിയിച്ചു.

കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം നടന്നത്. വനത്തില്‍ പോയി ഉപവസിച്ചാല്‍ യേശുവിനെ കാണാനും സ്വര്‍ഗത്തില്‍ പോവാനും സാധിക്കുമെന്ന് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് പാസ്റ്ററായ പോള്‍ മകെന്‍സി ന്തേംഗേ പറഞ്ഞിരുന്നു.

അനുയായികളുടെ മരണത്തിനു പിന്നാലെ മകെന്‍സി ന്തേംഗേയെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ രണ്ടാം വാരത്തോട് കൂടിയാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഈ പ്രദേശത്ത് നിന്നും 47 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാക്കഹോല വനംപ്രദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ് സംഭവം മനസിലാകുന്നത്.

ഇനിയും പരിശോധന തുടരാന്‍ തീരുമാനിച്ചതിനാല്‍ വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

അതേസമയം, കുഴിമാടങ്ങളില്‍ നിന്ന് ചിലരെ ജീവനോടെയും പുറത്തെടുത്തിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു മകെന്‍സി ന്തേംഗേയുടെ ആഹ്വാനം.

തുടര്‍ന്ന് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികള്‍ വനത്തില്‍ ഭക്ഷണ പാനീയങ്ങള്‍ ത്യജിച്ച് താമസിക്കുകയായിരുന്നു.

CONTENT HIGHLIGHT: Go to the forest and fast to see Jesus; The number of people who went hungry after listening to the words of the pastor exceeded 100

We use cookies to give you the best possible experience. Learn more