കുമ്പള: പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന ആക്രോശിച്ചുകൊണ്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. കാസര്‍ഗോഡ് കുമ്പളയിലെ രണ്ട് മദ്രസ വിദ്യാര്‍ത്ഥികളാണ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരിക്കുന്നത്. ഷൊര്‍ണൂരില്‍ മറ്റൊരു മതപഠനവിദ്യാര്‍ത്ഥി അക്രമത്തിനിരയായി കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കാസര്‍ഗോഡും അക്രമം ആവര്‍ത്തിച്ചിരിക്കുന്നത്.
ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ്, മുനാസ് എന്നിവരെയാണ് രാത്രിയില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
മദ്രസയില്‍ താമസിച്ചു പഠിക്കുന്ന ഇവര്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വരുന്നതിനിടക്കാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തൊപ്പി ധരിക്കുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്ത സംഘം ആക്രമിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് അക്രമികള്‍ പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു.
ആയുധങ്ങളുമായി എത്തിയ സംഘത്തിലെ കിരണ്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സംഘം എത്തിയ കാറും ആയുധങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘപരിവാറാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണമുയരുന്നത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച ജനുവരി 20ന് ദര്‍സ് വിദ്യാര്‍ത്ഥിയെ സമാനമായ രീതിയില്‍ ആക്രമിച്ചിരുന്നു. ചെറുതുരുത്തി സ്വദേശിയായ മുബാറകിനാണ് അന്ന് പരിക്കേറ്റത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ മുബാറകിനോട് ആവശ്യപ്പെടുകയും അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. തയ്യാറാകാതെ മുന്നോട്ട് നടന്ന മുബാറകിനെ പട്ടികയും മറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video