' ഇരിക്കണമെങ്കില്‍ പാകിസ്താനിലേക്ക് പോകൂ...'; ദല്‍ഹി മെട്രൊയില്‍ ഇരിക്കാന്‍ സീറ്റു ചോദിച്ച മുസ്‌ലിം വൃദ്ധന് യുവാക്കളുടെ ആക്രമണം
India
' ഇരിക്കണമെങ്കില്‍ പാകിസ്താനിലേക്ക് പോകൂ...'; ദല്‍ഹി മെട്രൊയില്‍ ഇരിക്കാന്‍ സീറ്റു ചോദിച്ച മുസ്‌ലിം വൃദ്ധന് യുവാക്കളുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2017, 3:00 pm

ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ മുസ്‌ലിമായ വൃദ്ധനെതിരെ യുവാക്കളുടെ അതിക്രമം. വൃദ്ധന് സീറ്റു നിഷേധിച്ച യുവാക്കള്‍ അദ്ദേഹത്തിന്റെ വസ്ത്ര ധാരണ ശൈലിയെ കളിയാക്കുകയും പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ടു.

ദല്‍ഹി മെട്രോയുടെ വൈലറ്റ് ലൈനിലാണ് സംഭവം. ട്രെയിനില്‍ കയറിയ വൃദ്ധന്‍ ഇരിക്കാനായി സീറ്റ് നല്‍കണമെന്ന് യുവാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ കുപിതരായ രണ്ട് യുവാക്കള്‍ സീറ്റ് ലഭിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാകിസ്താനിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറയുകയായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകയായ കവിത കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം ചര്‍ച്ചയായത്. എ.ഐ.സി.സി.ടി.യു ദേശീയ സെക്രട്ടറി സന്തോഷ് റോയ് വൃദ്ധന്റെ സഹായത്തിന് എത്തിയെങ്കിലും അദ്ദേഹത്തേയും യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നും കവിതയുടെ പോസ്റ്റില്‍ പറയുന്നു.

വൃദ്ധനോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ട റോയിയുടെ കോളറിന് കുത്തിപ്പിടിച്ച ശേഷം അദ്ദേഹത്തോടും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു സംഘം. ട്രെയിന്‍ ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഗാര്‍ഡ് കമ്പാര്‍ട്ട്‌മെന്റിലെത്തിയതിനു ശേഷമാണ് രംഗം ശാന്തമായത്.

തുടര്‍ന്ന് പാന്‍ഡ്ര റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും റോയി പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കേസിന്റെ പുരോഗതിയറിയാന്‍ റോയി സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസുമായി വൃദ്ധന്‍ മുന്നോട്ട് പോകുന്നതില്‍ നിന്നും പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചത്.


Also Read: അനില്‍ കുംബ്ലെയ്ക്കും ഡെയര്‍ഡെവിള്‍സിനും അമളി പറ്റിയപ്പോള്‍ സഹീര്‍ ഖാന്റെ പെണ്ണ് മാറി; പകരം വധുവായത് രണ്ടു കുട്ടികളുടെ അമ്മ


യുവാക്കളുടെ മാപ്പ് സ്വീകരിച്ചെന്നും അതിനാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്നുമാണ് വൃദ്ധന്‍ അറിയച്ചതെന്ന് റോയി പറഞ്ഞതായി കവിതയുടെ പോസ്റ്റില്‍ പറയുന്നു.