2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയാണ് നേരിടുന്നത്. ലോകകിരീടം നിലനിർത്താനായി സെമി പ്രവേശനം ലക്ഷ്യമിട്ട് ഫ്രാൻസ് പോരാട്ടത്തിനറങ്ങുമ്പോൾ ഫ്രാൻസിനെ വീഴ്ത്തിയാൽ വിശ്വകിരീടം അകലെയല്ലെന്ന ബോധ്യത്തിലാണ് ഇംഗ്ലണ്ട് പട ഗ്രൗണ്ടിലിറങ്ങുക.
ക്വാർട്ടർ പോരാട്ടത്തിന് ഒരു ദിവസം ബാക്കി നിൽക്കെ ഇരുടീമുകളുടെയും വാക് പോരുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫ്രഞ്ച് ടീമിന്റെ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പ്രതിരോധതാരമായ ദയോത് ഉപമെക്കാനെ പറഞ്ഞ വാചകങ്ങളാണ് തരംഗമാകുന്നത്.
ഗാരെത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ടിന് എംബാപ്പയെ പൂട്ടാനുള്ള കഴിവില്ലെന്നാണ് ഉപമെക്കാനോ പരിഞ്ഞത്.
ലോകകപ്പിൽ മറ്റാരെക്കാളും നന്നായി കളിക്കുന്ന താരമാണ് എംബാപ്പെ. അവൻ ഒരു ലോകോത്തര കളിക്കാരനാണ്, അവനെ പ്രതിരോധിക്കുക പ്രയാസമാണ്. അതുകൊണ്ട് അവനെ എങ്ങനെ പൂട്ടണമെന്ന് ആലോചിച്ചിരിക്കാതെ നേരത്തെ പോയി കിടന്നുറങ്ങുന്നതാകും നല്ലത്, ഉപമെക്കാനോ പറഞ്ഞു.
ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുമ്പോൾ ഫ്രാൻസിന്റെ പ്രതിരോധ കോട്ട കെട്ടാൻ ഉപമേക്കാനോയും ഇറങ്ങും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നെ ഡിഫൻഡ് ചെയ്ത് നിർത്താനുള്ള ചുമതല ബയേൺ മ്യൂണിക്കിന്റെ ഡിഫൻഡർ കൂടിയായ ഉപമേക്കാനോക്കാണ്.
ടോട്ടൻഹാം ഹോട്സ്പർ താരമായ ഹാരി കെയ്ൻ ഫ്രാൻസിന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
ഇതുവരെ നടന്ന മത്സരങ്ങളിൽ ഫ്രാൻസിന് വിജയം നേടിയെടുക്കുന്നതിൽ എംബാപ്പെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പാരീസ് സെന്റ് ഷെർമാങ് ഫോർവേഡ് നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് ഇതിനകം നേടിയത്. ടൂർണമെന്റിലെ ഗോൾസ്കോറർമാരിൽ ഏറ്റവും മുന്നിലാണ് താരം.
Content Highlights: Go to Bed Early, French Defender’s Cheeky Advice to England on How to Stop Kylian Mbappe