ന്യൂദല്‍ഹി: ലോകമെമ്പാടും കൊവിഡ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. കൊവിഡ് കാരണം കോടിക്കണക്കിന് പേര്‍ രോഗബാധിതരും ലക്ഷക്കണക്കിന് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
അതിവേഗം വ്യാപിക്കുന്ന വൈറസിനെ ചെറുക്കാന്‍ ഉറക്കമില്ലാതെ അഹോരാത്രം വാക്‌സിന്‍ പരീക്ഷണത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ മഹാമാരിയ്ക്കിടയിലും അശാസ്ത്രീയത പ്രചരിപ്പിക്കാനും അബദ്ധങ്ങള്‍ വിളിച്ചുപറയാനും ചിലര്‍ മടികാണിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ബ്രസീല്‍ പ്രസിഡണ്ട് ബോള്‍സൊനാരോയുമെല്ലാം ഇത്തരം ശാസ്ത്രവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അമേരിക്കയും ബ്രസീലുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലും ഇത്തരം അബദ്ധപ്രചരണങ്ങള്‍ ഏറെയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളുമെല്ലാം ഇത്തരം പ്രചരണങ്ങള്‍ക്കായി മത്സരമാണ്.
കൊവിഡിനെ തടയാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ‘കണ്ടെത്തിയ’ ചില മരുന്നുകള്‍ നോക്കാം.
ഗോ കൊറോണ ഗോ- കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
ഇന്ത്യയില്‍ കൊവിഡ് വ്യാപനം ആരംഭിക്കുന്ന സമയത്താണ് കേന്ദ്രമന്ത്രി വൈറസിനെ തുരത്താന്‍ മന്ത്രവുമായി രംഗത്തെത്തിയത്. ചില ബുദ്ധ സന്യാസികള്‍ക്കൊപ്പമായിരുന്നു ഗോ കൊറോണ ഗോ മന്ത്രം മുഴക്കിയത്.
ഇങ്ങനെ പറഞ്ഞാല്‍ കൊറോണ വൈറസ് ഇന്ത്യയിലേക്ക് വരില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഗോമൂത്രം-സുമന്‍ ഹരിപ്രിയ- എം.എല്‍.എ
മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു ‘ഗോമൂത്രം കൊവിഡിനെ തടയും’ എന്ന കണ്ടെത്തല്‍. ആസാമിലെ ബി.ജെ.പി എം.എല്‍.എയായ സുമന്‍ ഹരിപ്രിയയായിരുന്നു ഈ വാദത്തിന് പിന്നില്‍. ഗോമൂത്രവും ചാണകവും കൊവിഡിനെ കൊല്ലുമെന്നാണ് എം.എല്‍.എ പറഞ്ഞത്.
ഗോമൂത്രം സ്‌പ്രേ ചെയ്യുന്നത് അന്തരീക്ഷത്തിലെ വൈറസിനെ കൊല്ലുമെന്നും എം.എല്‍.എ ‘കണ്ടെത്തിയിരുന്നു’.
ഗോമൂത്ര പാര്‍ട്ടിയും ചാണകേക്കും- ഹിന്ദുമഹാസഭ
ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്തി ചാണകകേക്ക് കഴിക്കാന്‍ നല്‍കി ആഘോഷപൂര്‍വം കൊവിഡിനെ നേരിടാമെന്നായിരുന്നു ഹിന്ദുമഹാസഭയുടെ കണ്ടെത്തല്‍. ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ വരെ തുടങ്ങുമെന്ന് ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി പറഞ്ഞിരുന്നു.
സൂര്യപ്രകാശം- കേന്ദ്രമന്ത്രി അശ്വിനി ചൗബേ
രാജ്യത്തെ ആരോഗ്യസഹമന്ത്രി അശ്വിനി ചൗബേയും കൊവിഡിനെ നേരിടാന്‍ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരുന്നു. നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയില്‍ കൊണ്ടാല്‍ ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുമെന്നും അതുവഴി കൊവിഡിനെ കൊല്ലാമെന്നുമായിരുന്നു കേന്ദ്ര ആരോഗ്യസഹമന്ത്രിയുടെ വാദം.
മുട്ട കഴിക്കൂ, റം കുടിക്കൂ- രവിചന്ദ്ര ഗട്ടി- കര്‍ണാടക കൗണ്‍സിലര്‍
കര്‍ണാടകയിലെ ഉള്ളാലിലെ കോണ്‍ഗ്രസിന്റെ കൗണ്‍സിലറാണ് റമ്മും മുട്ടയും കൊവിഡിനെ തുരത്തുമെന്ന് കണ്ടെത്തിയത്. റമ്മും പകുതി വെന്ത മുട്ടയും കൊവിഡിന് പ്രതിവിധിയാണെന്ന് സ്വയം ചിത്രീകരിച്ച വീഡിയോയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചിരുന്നു.
രാമക്ഷേത്രം- രാമേശ്വര്‍ ശര്‍മ്മ, മധ്യപ്രദേശ് പ്രോ ടേം സ്പീക്കര്‍
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഇന്ത്യയിലെ കൊവിഡ് മുഴുവന്‍ ചത്തുപോകുമെന്നാണ് മധ്യപ്രദേശ് പ്രോ ടേം സ്പീക്കറും ബി.ജെ.പി നേതാവുമായ രാമേശ്വര്‍ ശര്‍മ്മ പറഞ്ഞത്.
ഭാഭിജി പപ്പടം- അര്‍ജുന്‍ റാം മേഘ്‌വാള്‍, കേന്ദ്രമന്ത്രി
ഏറ്റവും ഒടുവിലായി ഇന്ത്യക്കാരായ രാഷ്ട്രീയക്കാര്‍ പുറത്തിറക്കിയ ‘കൊവിഡ് മരുന്നാണ്’ ഭാഭിജി പപ്പടം. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് പപ്പടം പുറത്തിറക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക