കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മിഡ്‌നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബംഗാളിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ ആക്രണമുണ്ടാവുകയും ഇതിന് പിന്നാലെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്‌പോര് തുടരുകയും
ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം.
ജനുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.
തന്റെ സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢശ്രമമാണിതെന്നും നിലവിലെ ഫെഡറല്‍ വ്യവസ്ഥകള്‍ക്ക് എതിരാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മമത പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ പശ്ചിമ ബംഗാളിലെ 3 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍ നല്‍കാനുള്ള തീരുമാനം കേന്ദ്രം അധികാര ദുര്‍വിനിയോഗം ചെയ്യുന്നുവെന്നതിന് ഉദാഹരണമാണ്. ഐ.പി.എസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണിത്, എന്നായിരുന്നു മമതയുടെ ട്വീറ്റ്.
നിയമത്തിന്റെ പഴുതുകളുപയോഗിച്ച് സംസ്ഥാനത്തെ നിയന്ത്രിക്കാമെന്ന കേന്ദ്രത്തിന്റെ ആഗ്രഹം അനുവദിക്കില്ലെന്നും ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കുമുന്നില്‍ ബംഗാള്‍ മുട്ടുമടക്കില്ലെന്നും മമത പറഞ്ഞിരുന്നു.
ജെ.പി നദ്ദയുടെ റാലിയ്ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ബംഗാളിലെ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇവരെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് തന്നെ കേന്ദ്രസേവനത്തിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയായിരുന്നു.
അതേസമയം ഇന്ന് കൊന്‍ടായ് മുനിസിപ്പാലിറ്റി ചെയര്‍മാനും മുന്‍ തൃണമൂല്‍ നേതാവുമായ സുവേന്ദു അധികാരിയുടെ ഇളയ സഹോദരന്‍ സൗമേന്ദു അധികാരി മിഡ്നാപൂരില്‍ അമിത് ഷാ നടത്തുന്ന റാലിയില്‍ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നുണ്ട്.
ഇതിനൊപ്പം 10 കൗണ്‍സിലര്‍മാര്‍ കൂടി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
സൗത്ത് കൊന്‍ടായ് എം.എല്‍.എ ബനശ്രീ മൈതിയും ഹല്‍ദിയ തപസി മണ്ഡലത്തിലെ എം.എല്‍.എയുമായ തംലൂക് അശോക് ദിന്‍ഡ (സി.പി.ഐ) എം.എല്‍.എയും ബി.ജെ.പിയില്‍ ചേരും. ഇതിനൊപ്പം ചില പഞ്ചായത്തംഗങ്ങള്‍ കൂടി ബി.ജെ.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക