'ഗോ ബാക്ക് മോദി ' പ്രതിഷേധം ; കോൺഗ്രസ് ദളിത് നേതാവിനെ വീട്ടുതടങ്കലിലാക്കി തമിഴ്‌നാട് പൊലീസ്
#GoBackModi
'ഗോ ബാക്ക് മോദി ' പ്രതിഷേധം ; കോൺഗ്രസ് ദളിത് നേതാവിനെ വീട്ടുതടങ്കലിലാക്കി തമിഴ്‌നാട് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 10:49 am

ചെന്നൈ: ഗോ ബാക്ക് മോദി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് ദളിത് നേതാവിനെ വീട്ടുതടങ്കലിലാക്കി തമിഴ്‌നാട് പൊലീസ്. മോദിയുടെ ചെന്നൈ സന്ദർശനത്തോട് അനുബന്ധിച്ചാണ് നടപടി. തമിഴ്‌നാട് കോൺഗ്രസ് ദളിത് വിഭാഗം അധ്യക്ഷൻ എം. പി രഞ്ജൻ കുമാറിനെയാണ് വീട്ടുതടങ്കലിൽ ആക്കിയത്.

മോദിക്കെതിരെ പ്രതിഷേധിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. മോദി ചെന്നൈയിലെത്തുമ്പോൾ പ്രതിഷേധിക്കാനായി കറുത്ത ബലൂണും ഷർട്ടുമായി പരസ്യമായി ഇറങ്ങണമെന്ന് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതാണ് കരുതൽ തടങ്കലിന് കാരണമായത്.

നരേന്ദ്ര മോദിയുടെ ദളിത് വിരുദ്ധ നീക്കങ്ങളിലും യുവാക്കളോടുള്ള വഞ്ചനയിലും പ്രതിഷേധമുയർത്തിയുള്ള ‘ഗോ ബാക് മോദി’ ക്യാമ്പയിനാണ്
അദ്ദേഹം പ്രഖ്യാപിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിൻറെ വീട്ടിൽ പോലീസ് എത്തുകയായിരുന്നു. മോദി ചെന്നൈയിൽ നിന്ന് മടങ്ങുന്നത് വരെ തന്നെ പുറത്തിറങ്ങാൻ അനുവദിക്കില്ല എന്ന് പോലീസ് പറഞ്ഞതായി അദ്ദേഹം പറയുന്നു.

2018 ഇൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ഡി.എം.കെ യാണ് ‘ഗോ ബാക്ക് മോദി’ എന്ന പ്രതിഷേധ ക്യാമ്പയിൻ ആദ്യമായി സംഘടിപ്പിച്ചത്. അന്ന് ഇന്നത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെ കറുത്ത ഷർട്ടണിഞ്ഞ് പ്രതിഷേധവുമായി എത്തിയിരുന്നു.

കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ക്ഷണപ്രകാരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ചെന്നൈയിൽ എത്തുന്നത്.

Content Highlight : Congress Leader called for ‘Go Back Modi Campaign ‘