|

ചെമ്പരിക്ക ഖാസിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള ഇ.കെ സമസ്തയുടെ പരിപാടിയില്‍ നേതാവിനെതിരെ മുദ്രാവാക്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇ.കെ സമസ്തയുടെ ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സമസ്ത നേതാവിനെതിരെ ഗോ ബാക്ക് വിളി.

സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ക്കെതിരെയാണ് സമ്മേളനത്തിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ പതാകയും പിടിച്ച് ഗോ ബാക്ക് വിളിച്ചത്. “ഗോ ബാക്ക് യു.എം ഗോബാക്ക് യു.എം” എന്നായിരുന്നു മുദ്രാവാക്യം.

എന്നാല്‍ മുദ്രാവാക്യം വിളി രൂക്ഷമായതോടെ സ്‌റ്റേജില്‍ നിന്നും മുദ്രാവാക്യം നിര്‍ത്തണമെന്നും സമസ്തയുടെ അച്ചടക്കം പാലിക്കണമെന്നും മുദ്രാവാക്യം വിളിക്കുന്നവര്‍ പിരിഞ്ഞു പോകണമെന്നും വിളിച്ചു പറഞ്ഞെങ്കിലും മുദ്രാവാക്യം വിളി നിര്‍ത്താനോ പിരിഞ്ഞ് പോകാനോ പ്രവര്‍ത്തകര്‍ തയാറായില്ല.

Read Also : ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റച്ചട്ട ലംഘനമാകും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സമസ്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലര്‍ സമസ്തയുടെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിലും മുസ്‌ലിം ലീഗിലുമാണെന്നും അവരെ സമസ്തയുടെ നേതൃത്വം സംരക്ഷിക്കുകയാണെന്നും അന്ന് കുടുംബം ആരോപിച്ചിരുന്നു.

കസാര്‍ഗോട്ടെ സമസ്തയുടെ കീഴിലുള്ള എം.ഐ.സി ( മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ) സ്ഥാപനത്തിന്റേയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ആദ്യം മുതലേ ശ്രമിച്ചത് ഇയാളെന്നും സി.എം മൗലവിയുടെ പേരമകന്‍ റാഷിദ് അന്ന് ഡ്യൂള്‍ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

മരണം നടന്ന ആദ്യമണിക്കൂറില്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ചിലമന്ത്രിമാര്‍ കൂട്ടുനിന്നെന്നും കുടുംബം ആരോപിച്ചിരുന്നു.

എസ്.കെ.എസ്.എസ്.എഫിന്റെയും സമസ്തയുടേയും ചില നേതാക്കന്മാര്‍ നേരത്തേയും ഇദ്ദേഹത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഖാസിയുടെ മരണത്തില്‍ യു.എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന കാസര്‍ഗോഡ് നിന്നുമെത്തിയ സമസ്തയിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് ഇന്നലെ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചത്.

Read Also : ചെമ്പരിക്ക ഖാസി മരണത്തിന് പിന്നില്‍ സമസ്ത നേതാവ്; നേതൃത്വം സംരക്ഷണം നല്‍കുന്നു: ഇ.കെ സമസ്തയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമരം ലക്ഷ്യം കാണുന്നത് വരെ വിട്ട് വീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി സമസ്തയും പോഷക ഘടകങ്ങളും കുടുംബവും നിരന്തര സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പോലീസ് മുതല്‍ സി. ബി. ഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒന്‍പത് വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 ഫെബ്രുവരി 15-നാണ് ഇ.കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം മൗലവിയെ മരിച്ച നിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടത്. മൗലവിയുടേത് കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തെ തുടര്‍ന്നാണ് കേസ് വിവാദമായത്.

എന്നാല്‍, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താന്‍ സി.ബി.ഐ.യ്ക്ക് കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് മൗലവി ആത്മഹത്യ ചെയ്യുകയായിരന്നു എന്ന് പറഞ്ഞ് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ. തുടരന്വേഷണം നടത്തുകയായിരുന്നു.