ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍. സായിബാബ (56) അന്തരിച്ചു. ഹൈദരാബാദ് എന്‍.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പിത്താശയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജി.എൻ. സായിബാബ മരണപ്പെട്ടത്.
റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരില്‍ 2014ല്‍ സായിബാബ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് 10 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം 2024 മാര്‍ച്ച് ഏഴിനാണ് സായിബാബ ജയില്‍ മോചിതനാകുന്നത്. ശരീരം തളര്‍ന്ന ജി.എന്‍. സായിബാബയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നത് ഉള്‍പ്പെടെ കേസില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രൊഫസറുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയിലായിരുന്നു നടപടി.
യു.എ.പി.എ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയായിരുന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ പൊലീസ് 2014ല്‍ അറസ്റ്റ് ചെയ്തത്. പിന്നാലെ 2017ല്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക വിചാരണ കോടതി ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിച്ചിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ അപ്പീല്‍ പോകുകയുമുണ്ടായി.
ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതിയുടെ 2022ലെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ച ബോംബൈ ഹൈക്കോടതി സായിബാബയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
Content Highlight: GN Saibaba passed away