ധാക്ക: രോഗശയ്യയിലുള്ള ജീവിത പങ്കാളിയെ ഉപേക്ഷിച്ച് പോകുന്ന പലരേയും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതിനൊക്കെ അപവാദമാവുകയാണ് റോഫിഖ് സേഖ് എന്ന 70 കാരന്‍. ശരീരം തളര്‍ന്നു കിടക്കുന്ന തന്റെ ഭാര്യയ്ക്കു വേണ്ടിയാണ് അയാള്‍ വര്‍ഷങ്ങളായി ജീവിക്കുന്നത്. മക്കളും കുടുംബക്കാരും ആരും ആശ്രയത്തിനില്ല. പക്ഷെ അതൊന്നും അവരുടെ പ്രണയത്തെ നശിപ്പിച്ചിട്ടില്ല, അവരുടെ ലോകത്ത് അവര്‍ രണ്ട് പേര്‍ മാത്രമേയുള്ളൂ.
നിരവധി ജീവിതങ്ങളെ തന്റെ ക്യാമറക്കണ്ണിലൂടെ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജി.എം.ബി ആകാശാണ് റോഫിഖിന്റേയും നസ്മയുടേയും ലോകത്തേയും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്. ആ ജീവിതത്തിലേക്ക്…
എന്റെ ഭാര്യയ്ക്ക് നടക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് എനിക്ക് പാചകം ചെയ്യേണ്ടി വരുന്നത്. പക്ഷെ അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അതിനേക്കാള്‍ വളരെ വിഷമമുണ്ടാക്കുന്നത് അവളെ ആ അവസ്ഥയില്‍ കാണുന്നതാണ്. അതുകൊണ്ടാണ് അവള്‍ക്ക് കിടന്നു കൊണ്ട് അടുക്കളയില്‍ പണിയെടുക്കുന്ന എന്നെ കാണാന്‍ പറ്റുന്ന ഒരു കസേര ഞാന്‍ വാങ്ങി അവളെ അടുക്കളുടെ അടുത്ത് ഇരുത്തിയതും. അതാകുമ്പോ എനിക്കവളോട് ചോദിച്ചു കൊണ്ടും അവളില്‍ നിന്നും പഠിച്ചു കൊണ്ടും പാചകം ചെയ്യാമല്ലോ.
ശീലമില്ലാത്തതുകൊണ്ട് പലതും ഞാന്‍ മറക്കും. അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് എത്ര നിസാരമായ കാര്യങ്ങളാണ് ഞാന്‍ മറന്നതെന്ന് അവള്‍ പറയും. ഓര്‍മ്മിപ്പിക്കാന്‍ നീ ഉള്ളിടത്തോളം ഞാനിങ്ങനെ മറന്നു കൊണ്ടിരിക്കും എന്ന് ഞാനവള്‍ക്ക് അപ്പോള്‍ മറുപടി നല്‍കും.
ഞാനത് പറയുമ്പോള്‍, ചെറുതായെന്നെ നുള്ളി അവള്‍ പറയും ഉടനെ തന്നെ അവളുടെ സഹായമില്ലാതെ എല്ലാം ഓര്‍ത്തെടുക്കാന്‍ പഠിക്കണമെന്ന്. അതിന് മാത്രം ഞാന്‍ മറുപടി നല്‍കിയിരുന്നില്ല, ഒരിക്കലും.
കറിയില്‍ മുളകിടാത്തതിനെ കുറിച്ച് അവള്‍ക്കെന്നും പരാതിയായിരുന്നു. മുളക് കഴിക്കുന്നതില്‍ നിന്നും അവളെ ഡോക്ടര്‍ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇവിടെ മുളകിട്ട കറി ഉണ്ടാക്കിയിട്ട്. ഇടയ്ക്ക് ഞങ്ങള്‍ നടക്കാനായി മുറ്റത്തിറങ്ങും. നടക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചായിരിക്കും അവള്‍ക്ക് പറയാനുണ്ടാവുക. മിണ്ടാതെ അടുത്തിരിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോട് നുണ പറയുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലേ…കഴിഞ്ഞ ഉത്സവത്തിന് ഞാനവള്‍ക്കൊരു പുതിയ സാരി വാങ്ങി കൊണ്ടു കൊടുത്തു. പട്ടണത്തില്‍ നിന്നും ഞങ്ങളുടെ മകന്‍ അമ്മയ്ക്കായി വാങ്ങി വിട്ടതാണെന്നായിരുന്നു അവളോട് ഞാന്‍ പറഞ്ഞത്. ആ ദിവസം മുഴുവന്‍ ആ സാരി തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അവള്‍ നടന്നത്. അലമാരയില്‍ എടുത്തു ഭദ്രമായി വെക്കാന്‍ സാരി തരാന്‍ പറഞ്ഞപ്പോള്‍ പോലും അവള്‍ തരാന്‍ കൂട്ടാക്കിയില്ല.
അന്ന് രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവളെന്നോടായി ചോദിച്ചു.” നിങ്ങളെന്തിനാണ് എനിക്ക് എപ്പോഴും വെള്ള നിറത്തിലുള്ള സാരി കൊണ്ടു വരുന്നത്.” അവളുടെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് സാധിച്ചില്ല.” നിങ്ങള്‍ക്ക് ഒരിക്കലും എന്നോട് കള്ളം പറയാന്‍ കഴിയില്ല.” ദൂരേക്ക് നോക്കിയിരിക്കെ അവള്‍ പറയുന്നത് ഞാന്‍ കേട്ടു. അവള്‍ പറഞ്ഞതാണ് ശരി. അവളോട് നുണ പറയാന്‍ എനിക്ക് ഒരിക്കലും കഴിയില്ല.
ഇനി എത്രനാള്‍ അവള്‍ എനിക്കൊപ്പമുണ്ടാകുമെന്ന് എനിക്കറിയില്ല. എന്നും അവളിങ്ങനെ അരികിലുണ്ടാകണം. ചിലര്‍ പറയാറുണ്ട്, ഇങ്ങനെ ജീവിക്കുന്നതിലും ബേധം മരിക്കുന്നതാണെന്ന്. അതൊന്നും ഞാന്‍ അവളോട് അതൊന്നും പറയാറില്ല. ഒടുവിലത്തെ നിമിഷം വരെ അവളുണ്ടാകണം എനിക്കൊപ്പം.
പുറത്തു പോയി തിരികെ വീട്ടിലേക്ക് വരുന്നത് പലപ്പോഴും പിടയ്ക്കുന്ന ഹൃദയവുമായിട്ടായിരിക്കും. വാതില്‍ തുറക്കുമ്പോളേക്കും ചങ്കിടിപ്പ് കൂടും. അവള്‍ക്ക് ഒന്നും പറ്റിയില്ലെന്ന് ഉറപ്പു വരുത്താതെ എനിക്ക് സാമാധാനമാകില്ല. ” നിങ്ങള്‍ തിരികെ വന്നോ?” ആ ചോദ്യം കേള്‍ക്കുന്നുവരെ എനിക്ക് സ്വസ്ഥതയുണ്ടാകില്ല. എന്റെ മുഖഭാവം കണ്ട് പലപ്പോഴും അവള്‍ ചോദിക്കാറുണ്ട് എന്താ പറ്റിയതെന്ന്.
” അവളില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലും വയ്യ. നസ്മയില്ലാത്ത ലോകത്തില്‍ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല.”