കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നടന്ന ഗ്ലാമോര്‍ഗണ്‍ – ഗ്ലോസ്റ്റര്‍ഷെയര്‍ മത്സരത്തിന് ആവേശകരമായ സമനില. അവസാന പന്ത് വരെ ആവേശം അല തല്ലിയ മത്സരത്തില്‍ ഗ്ലാമോര്‍ഗണിന്റെ അവസാന വിക്കറ്റും നേടിയാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മത്സരം സമനിലയിലെത്തിച്ചത്.
ഷെല്‍ട്ടണ്‍ഹാം കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗ്ലാമോര്‍ഗണ്‍ നായകന്‍ സാം നോര്‍ത്ത്ഈസ്റ്റ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റര്‍ഷെയറിന് വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു.
ക്യാപ്റ്റനടക്കം പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ വാലറ്റക്കാരാണ് ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. പത്താം നമ്പറില്‍ ക്രീസിലെത്തിയ മര്‍ച്ചന്റ് ഡി ലാങ്ങിന്റെയും 11ാം നമ്പറില്‍ കളത്തിലിറങ്ങി ആജീത് ഡെയ്‌ലിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ പത്താം വിക്കറ്റില്‍ 75 റണ്‍സ് ടോട്ടലില്‍ പിറവിയെടുത്തു.
മര്‍ച്ചന്റ് 37 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 32 റണ്‍സാണ് ഡെയ്ല്‍ നേടിയത്. മര്‍ച്ചന്റാണ് ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
ഒടുവില്‍ 179 റണ്‍സിന് ഗ്ലോസ്റ്റര്‍ഷെയര്‍ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഗ്ലാമോര്‍ഗണിനും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല. 197 റണ്‍സാണ് ടീം നേടിയത്. 44 റണ്‍സടിച്ച മേസണ്‍ ക്രെയ്‌നാണ് ടോപ് സ്‌കോറര്‍.
18 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഗ്ലോസ്റ്റര്‍ഷെയര്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ചു. വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയുടെ ഇരട്ട സെഞ്ച്വറിയുടെയും ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ് മൈല്‍സ് ഹാമണ്ട് എന്നിവരുടെ സെഞ്ച്വറികളുടെയും കരുത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 610 റണ്‍സ് നേടി ടീം ഡിക്ലയര്‍ ചെയ്തു.
ബാന്‍ക്രോഫ് 266 പന്തില്‍ 184 റണ്‍സും ഹാമണ്ട് 110 പന്തില്‍ 121 റണ്‍സും നേടി.
231 പന്തില്‍ പുറത്താകാതെ 204 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസി സ്വന്തമാക്കിയത്. നാല് സിക്‌സറും 20 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒടുവില്‍ അഞ്ച് വിക്കറ്റിന് 610 എന്ന നിലയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
593 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗ്ലാമോര്‍ഗണും തിരിച്ചടിച്ചു. ക്യാപ്റ്റന്‍ സാം നോര്‍ത്ത്ഈസ്റ്റും മാര്‍നസ് ലബുഷാനും സെഞ്ച്വറി നേടി. നോര്‍ത്ത്ഈസ്റ്റ് 277 പന്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ 165 പന്തില്‍ 119റണ്‍സാണ് ലബുഷാന്‍ സ്വന്തമാക്കിയത്.
ബില്ലി റൂട്ട്, മേസണ്‍ ക്രെയ്ന്‍, ഡാന്‍ ഡൗത്ത്‌വെയ്റ്റ് എന്നിവരടക്കമുള്ളവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഗ്ലാമോര്‍ഗണ്‍ പതിയെ വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഗ്ലോസ്റ്റര്‍ഷെയറും പ്രതീക്ഷ കാത്തു.
നാലാം ദിവസത്തെ അവസാന സെഷനില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വിജയിക്കാന്‍ ഒരു റണ്‍സായിരുന്നു ഗ്ലാമോര്‍ഗണ് വേണ്ടിയിരുന്നത്. ഒരു വിക്കറ്റും കയ്യിലുണ്ടായിരുന്നു.
എന്നാല്‍ അജീത് ഡെയ്ല്‍ എറിഞ്ഞ പന്തില്‍ ജെയ്മി മക്ലോറി പുറത്തായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയാണ് ക്യാച്ച് നേടിയത്.
സ്‌കോര്‍
ഗ്ലോസ്റ്റര്‍ഷെയര്‍ – 179 & 610/5d
ഗ്ലാമോര്‍ഗണ്‍ – 197 & 592 (T: 593)
മക്ലോറിയെ പുറത്തെടുക്കാനെടുത്ത ക്യാച്ചിന് പിന്നാലെ ബ്രേസിയെ ഒരു ചരിത്ര നേട്ടവും തേടിയെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം ഒരു മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയും പത്ത് ക്യാച്ചും പൂര്‍ത്തിയാക്കുന്നത്.
ഈ മത്സരത്തിന് പിന്നാലെ ഡിവിഷന്‍ 2ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ ആറാം സ്ഥാനത്തും ഗ്ലാമോര്‍ഗണ്‍ അഞ്ചാം സ്ഥാനത്തുമാണ്.
ഓഗസ്റ്റ് 22ാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലോസ്റ്റര്‍ഷെയറിന്റെ അടുത്ത മത്സരം. സീറ്റ് യുണീക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ഷെയറാണ് എതിരാളികള്‍.
അതേസമയം, ഓഗസ്റ്റ് 22ന് തന്നെ ഗ്ലാമോര്‍ഗണും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങും. കൗണ്ടി ഗ്രൗണ്ട്, ഡെര്ഡ#ബിയില്‍ നടക്കുന്ന മത്സരത്തില്‍ ഡെര്‍ബിഷെയറാണ് എതിരാളികള്‍.
Content highlight: Gloucestershire’s James Bracy becomes the first player to hit a double century and take 10 catches in the same game