സച്ചിന് സ്റ്റോക്കിങ് എന്താണെന്ന് അറിയോ? എന്താണ് സ്റ്റോക്കിങ്?
Film News
സച്ചിന് സ്റ്റോക്കിങ് എന്താണെന്ന് അറിയോ? എന്താണ് സ്റ്റോക്കിങ്?
ഹുദ തബസ്സും കെ.കെ
Monday, 22nd April 2024, 12:41 pm

പ്രേമലു എന്ന ചിത്രത്തിൽ സ്റ്റോക്കിങ് എന്താണെന്ന് സച്ചിനോട് ചോദിക്കുമ്പോൾ സ്റ്റോക്കിങ് എന്താണെന്ന് അറിയുകയും ചെയ്യാം അതിൽ പൈസ ഇട്ടിട്ടുമുണ്ട് പൈസ പോയിട്ടുമുണ്ട് എന്ന് മറുപടി പറയുന്നുണ്ട്. എന്നാൽ സച്ചിൻ പറഞ്ഞതല്ല യഥാർത്ഥ സ്റ്റോക്കിങ്, എന്താണ് സ്റ്റോക്കിങ്. ഒരു വ്യക്തിയുടെ അനുവാദം ഇല്ലാതെ അയാളെ പിന്തുടരുകയും പ്രണയാഭ്യർത്ഥനായി അയാളുടെ സ്വകാര്യതയിലേക്ക് കൈ കടത്തുകയും ചെയ്യുന്നതാണ് സ്റ്റോക്കിങ്.

‘സ്റ്റോക്കിങ്’ ഇന്ത്യയിൽ വളരെയധികം നിസ്സാരവൽക്കരിക്കപ്പെടാറുള്ള ഒരു കുറ്റകൃത്യമാണ്. ഈ പ്രവൃത്തിക്ക് വിധേയരാകുന്നവർ വലിയ മാനസിക സംഘർഷത്തിലകപ്പെടുകയും, ആ കുറ്റകൃത്യം ചെയ്യുന്നവർ സമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും നിസ്സാരവൽക്കരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി രക്ഷപ്പെടുകയും ചെയ്യുന്നത് പതിവാണ്. അത്തരം കുറ്റവാളികൾ പ്രസ്തുത കുറ്റകൃത്യങ്ങൾ പിന്നെയും തുടർന്നുകൊണ്ടരിക്കുകയും ചെയ്യുന്നു.

എന്നാൽ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കൈകടത്തും എന്ന് പറയുമ്പോൾ ഏതൊരാളുടെയും മനസിലേക്ക് ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ ആയിരിക്കും വരിക. മലയാള സിനിമയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള റൊമാന്റിസൈസ് ചെയ്ത സ്റ്റോക്കിങ്ങുകൾ ഒരുപാടുണ്ട്.

അതിൽ ഏറ്റവും കൂടുതൽ എടുത്തുപറയുന്നത് 1989ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന വന്ദനം എന്ന സിനിമയാണ്. അപ്രതീക്ഷിതമായി നായികയുടെ റൂമിലേക്ക് എത്തുകയും അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയാണ് നമുക്ക് കാണാൻ സാധിക്കുക. എന്നാൽ അതിനുശേഷം ആ നായികയെ ബലംപ്രയോഗിച്ച് ഇഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതും പിന്നാലെ പാട്ടുപാടി നടക്കുന്നതുമെല്ലാം ഏറെ ആസ്വദിച്ചാണ് മലയാളികൾ അന്ന് കണ്ടു മറന്നത്.

അതിനുശേഷം ഇറങ്ങിയ ഒരുപാട് ചിത്രങ്ങളിൽ നായികയുടെ പിന്നാലെ നടക്കുന്ന നായകന്റെ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്താണ് കാണിച്ചിട്ടുള്ളത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന 1986ലെ താളവട്ടം, 1993ല്‍ സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മായാമയൂരം, മമ്മൂട്ടി-മോഹൻലാൽ ഒരേ സ്‌ക്രീനിൽ എത്തിയ ഹരികൃഷണൻസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം നായികയുടെ സ്വകാര്യതയിലേക്ക് കടന്നുചെന്ന് ബലമായി സ്നേഹം പിടിച്ചു വാങ്ങുന്ന നായകനെയാണ് കാണിച്ചിട്ടുള്ളത്.

എന്നാൽ നായികയുടെ പിന്നാലെ മാത്രമല്ല നായകന്റെ പിന്നാലെ നടന്ന് സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഒരുപാട് ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ശാലിനി കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പിറന്ന നിറം എന്ന സിനിമയിൽ ജോമോളിന്റെ കഥാപാത്രം കുഞ്ചാക്കോ ബോബന്റെ പിന്നാലെയാണ് നടക്കുന്നത്. അതുപോലെ നിവിൻ പോളിയുടെ പിന്നാലെ നടന്ന് ഇഷ്ടം പിടിച്ചു പറ്റുന്ന ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രവും മലയാള സിനിമയിലെ സ്റ്റോക്കിങ്ങിനെ എടുത്തു കാണിക്കുന്നുണ്ട്.

മേയ് ഒന്നിന് റിലീസിന് ഒരുങ്ങി നിൽക്കുന്ന നിവിൻ പോളി ഡിജോ കൂട്ടിക്കെട്ടിൽ ഒരുങ്ങുന്ന മലയാളി ഫ്രം ഇന്ത്യയുടെ കൃഷ്ണ എന്ന പാട്ടിൽ നമുക്ക് സ്റ്റോക്കിങ് കൃത്യമായി കാണാൻ സാധിക്കും. കൃഷ്ണ എന്ന പെൺകുട്ടിയുടെ പിന്നാലെ നടന്ന് ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന നിവിൻ പോളിയുടെ കഥാപാത്രത്തെയാണ് ഡിജോ പാട്ടിലുടനീളം കാണിക്കുന്നത്. ഇത് സ്റ്റോക്കിങ്ങിനെ കളിയാക്കുന്ന തരത്തിൽ ആണോ എന്നും ചില സംസാരങ്ങൾ ഉണ്ട്.

പാട്ടിലുടനീളം അനശ്വരയുടെ പിന്നാലെ നടക്കുന്ന നിവിനെയാണ് കാണുക. നിവിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന കൂട്ടുകാരനായി ധ്യാനും എത്തുന്നുണ്ട്. മലയാളികൾ കണ്ട് മറന്ന രംഗങ്ങളാണ് ഡിജോ പാട്ടിലൂടെ കാണിച്ചിട്ടുള്ളത്.

പ്രേമലവിലുവിൽ സച്ചിൻ സ്റ്റോക്കിങ് എന്താണെന്ന് അറിയാതെ റീനുവിന്റെ പിന്നാലെ നടക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ തന്നെ സ്റ്റോക്കിങ് എന്താണെന്ന് എടുത്തുപറയുന്നുമുണ്ട്. ഇങ്ങനെ സിനിമയിലൂടെ നായകൻ നായികയുടെ പിന്നാലെ നടന്ന് സമൂഹത്തിലേക്ക് നെഗറ്റീവ് ഷെയ്ഡിലുള്ള മെസേജുകൾ കൈമാറാൻ ശ്രമിക്കുന്നുണ്ട്.

സ്റ്റോക്കിങ് എന്നത് ഒരു ന്യൂജൻ വാക്ക് ആണെങ്കിൽ ഇത് കൃത്യമായും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്. തനിക്ക് താത്പര്യം ഇല്ലാത്ത ഒന്നിലേക്ക് അടിച്ചേൽപ്പിക്കുന്നതിനെ സിനിമാലോകം ഗ്ലോറിഫൈ ചെയ്യുമ്പോൾ അതിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് ഒരു തെറ്റായ സന്ദേശമാണ്.

Content Highlight: glorified malayalam stocking movies

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം