ന്യൂദല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ഏറ്റവുമധികം മണിക്കൂര്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. പ്രായം കുറഞ്ഞ പ്രൊഫഷണല്‍സിനെ കൊണ്ട് കമ്പനികള്‍ മണിക്കൂറുകളോളം ജോലി ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദി ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2023ല്‍ ഐ.ടി മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ ആഴ്ചയും 56.5 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ തലത്തില്‍ 53.2 മണിക്കൂറും സ്ത്രീകള്‍ ജോലി ചെയ്യുകയാണ്.
പ്രവര്‍ത്തിദിനങ്ങള്‍ അഞ്ചാണെങ്കില്‍, ഒരു ദിവസം ഒരു സ്ത്രീ ജോലി ചെയ്യുന്നത് 11 മണിക്കൂറും, ആറാണെങ്കില്‍ ഒമ്പത് മണിക്കൂറുമാണ്. അതേസമയം 24 മണിക്കൂറില്‍ ഏഴ് മുതല്‍ 10 മണിക്കൂര്‍ മാത്രമേ ജോലിയുള്ള സ്ത്രീകള്‍ക്ക് വിശ്രമസമയം ലഭിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ സമയപരിധിയില്ലാതെ ജോലി ചെയ്യുന്നവരിൽ ഐ.ടി ഫ്രൊഫഷണലുകളും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. 53.2 എന്ന ഇന്ത്യയിലെ കണക്ക് മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. ജര്‍മനിയില്‍ ഇത് 32 മണിക്കൂറും റഷ്യയില്‍ 40 മണിക്കൂറുമാണ്.
എന്നാല്‍ ഇന്ത്യയിലെ സയന്റിഫിക്, ടെക്നിക്കല്‍ മേഖലകളില്‍ ജോലിയെടുക്കുന്നത് 8.5 ശതമാനം സ്ത്രീകള്‍ മാത്രമാണ്. ഐ.ടി ജോലികളില്‍ ഇന്ത്യന്‍ തൊഴിലാളികളില്‍ 20 ശതമാനം മാത്രമേ സ്ത്രീകളുള്ളുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനുപുറമെ ശമ്പളമില്ലാതെ ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ശമ്പളത്തോടെയും ശമ്പളമില്ലാതെയും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങളില്‍ കൂടുതലാണ്. ഗ്രാമങ്ങളില്‍ ശമ്പളത്തോടെ ജോലി ചെയ്യുന്നത് 22.5 ശതമാനം സ്ത്രീകളാണ്. നഗരങ്ങളില്‍ ഇത് 19.9 ശതമാനവുമാണ്.
എന്നാല്‍ ശമ്പളമില്ലാതെ നഗരങ്ങളില്‍ ജോലി ചെയ്യുന്നത് 88.8 ശതമാനം സ്ത്രീകളാണ്. അതേസമയം ഗ്രാമങ്ങളില്‍ ഇത് 93.2 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019ലെ കണക്കുകളാണ് ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്.
ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഇ വൈ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റിയന്‍ മരിച്ചതിനെ തുടര്‍ന്ന് കോര്‍പറേറ്റ് മേഖലകളിലെ ജോലി സമയത്തെ കുറിച്ച് ചര്‍ച്ചകള്‍ രൂപംകൊള്ളുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ അന്നയുടെ മരണത്തില്‍ ഇടപെട്ട പശ്ചാത്തലത്തിലാണ് പ്രസ്തുത വിവരങ്ങള്‍ പുറത്തുവരുന്നത്.
Content Highlight: Globally, Indian women work 56 hours a week; Report