| Monday, 19th January 2015, 6:07 pm

ലോകസമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ കയ്യില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.കെ: അടുത്ത വര്‍ഷത്തോടെ ആഗോള വരുമാനത്തിലെ പകുതിയിലധികം സമ്പത്തും ലോകജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവര്‍ഗ്ഗം നിയന്ത്രിക്കുമെന്ന് പഠനം. ചാരിറ്റി ഓക്‌സ്ഫാം ആണ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അടുത്തയാഴ്ച്ച സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ലോകത്തിലെ സാമ്പത്തിക വരേണ്യര്‍ ഒന്നിക്കാനിരിക്കെയാണ് ആഗോള തലത്തില്‍ സാമ്പത്തിക അസമത്വം മൂര്‍ച്ഛിക്കുകയാണ് എന്നതിന്റെ ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്.

ലോകത്തിലെ 80 അതിസമ്പന്നരെല്ലാവര്‍ക്കും ചേര്‍ന്ന് 1.9 ട്രില്ല്യണ്‍ ഡോളര്‍ ആണ് സ്വന്തമായുള്ളത്. അതേസമയം അത്രയും തന്നെ തുക ലോക വരുമാനത്തിലെ താഴത്തെ പകുതി സ്വന്തമാക്കുന്ന 3.5 ബില്ല്യണ്‍ ആളുകള്‍ ചേര്‍ന്നാണ് പങ്കുവെക്കുന്നത്. ഒരു ശതമാനം മാത്രമുള്ള സമ്പന്ന ജനതയാണ് ആഗോള സമ്പത്തിന്റെ പകുതി ഭാഗവും കയ്യാളുന്നത്.

ലോക സമ്പത്തികവ്യവസ്ഥയില്‍ ഇപ്പോള്‍ കണ്ടുവരുന്ന അസമത്വ പ്രവണതകള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2002 നും 2010 നും ഇടയില്‍ ലോകത്തിലെ പകുതിയോളം വരുന്ന പാവപ്പെട്ടരുടെ മൊത്ത വരുമാനത്തില്‍ കൂടുതലോ കൂറവോ ഉള്ളത്ര തുക ശതകോടീശ്വരന്‍മാര്‍ സ്വന്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2010 മുതല്‍ അതില്‍ കുറവുണ്ടായിട്ടുണ്ട്.

ലോക സാമ്പത്തിക അസമത്വത്തിന്റെ തോത് അത്രയ്ക്ക് ഞെട്ടിക്കുന്നതാണ്. ലോകത്ത് ഒരു ബില്ല്യണോളം ആളുകള്‍ ജീവിക്കുന്നത് ഒരു ദിവസം ലഭിക്കുന്ന 1.25 ഡോളര്‍ മാത്രം ഉപയോഗിച്ചുകൊണ്ടാണെന്നും ചാരിറ്റി ഓക്‌സ്ഫാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബിയാനൈമ പറയുന്നു.

നമ്മളെല്ലാം ഒന്നിച്ചു ചേര്‍ന്നു സമ്പാദിക്കുന്നത്ര തന്നെ സമ്പത്ത് മറുഭാഗത്ത് വെറും ഒരു ശതമാനം മാത്രം സമ്പന്നര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഈ ലോകത്ത് നമ്മള്‍ ശരിക്കും ജീവിക്കാനാഗ്രഹിക്കുന്നുണ്ടോ എന്ന് ബിയാനൈമ ചോദിക്കുന്നു.

ഇന്‍ഷുറന്‍സ്, ഫിനാന്‍സ്, ആരോഗ്യം എന്നിവയില്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കാണ് വലിയ ഭാഗ്യമെന്ന് ഓക്‌സ്ഫാം പറയുന്നു. ഫോര്‍ബ്‌സ് മാഗസിനുകളിലെ വിവരങ്ങളനുസരിച്ച് ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ പരിപാലനം എന്നീ മേഖലകളില്‍ താല്പര്യമുള്ള കോടീശ്വരന്‍മാരുടെ ആസ്തിയില്‍ 47 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു

We use cookies to give you the best possible experience. Learn more