തിരുവനന്തപുരം: ആഗോളതാപനം മൂലം അറബിക്കടലിലെ താപനില വര്‍ധിച്ചുവരുന്നതായും കേരളത്തില്‍ മഴയുടെ രൂപം മാറുന്നതായും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ്. ദല്‍ഹി കേരള ക്ലബ്ബില്‍ നടന്ന പ്രൊഫസര്‍ എം.എന്‍. വിജയന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന്റെ പുതിയ ദിനാവസ്ഥകള്‍’ കാലാവസ്ഥയില്‍ നിന്നും ദിനാവസ്ഥയിലേക്ക് മാറുന്ന കേരളം എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിതീവ്ര ദുരന്ത സാധ്യതയുള്ള മേഖലയായി കേരളം മാറുന്നതായും ഇതിനെ നേരിടണമെങ്കില്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ തനിമ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി വിഭാഗത്തെ പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും നാട്ടറിവുകള്‍ അപ്രത്യക്ഷമാവുന്നതോടെ സമൂഹം കൂടുതല്‍ വള്‍നറബള്‍ ആവുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.
‘ചോദ്യങ്ങള്‍ ചോദിച്ച് നിലവിലുള്ള സാമൂഹ്യബോധ്യങ്ങളെ അട്ടിമറിക്കുന്നതിലൂടെ മാത്രമെ പുതിയ വഴികള്‍ കണ്ടെത്താനാവൂ. കേരളത്തിലെ സമകാലിക ബുദ്ധിജീവികള്‍ ഈ വിഷയത്തില്‍ ഒരു പരാജയമാണ്. ഈ സന്ദര്‍ഭത്തിലാണ് എം.എന്‍ വിജയനെപ്പോലെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച ഒരാളുടെ പ്രസക്തി നമ്മള്‍ തിരിച്ചറിയേണ്ടത്.പിടിച്ച് നില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു നിലപാടാണ് അത്,’ ഡോ. ടി.വി സജീവ് പറഞ്ഞു.
കാലാവസ്ഥ മാറുമ്പോള്‍ കേവലം കാറ്റും മഴയും മാത്രമല്ല മാറുന്നതെന്നും ഒരു സമൂഹം അതിന്റെ നിലനില്‍പ്പിനായി ആര്‍ജ്ജിച്ചെടുത്തതെല്ലാമാണ് മാറുന്നതെന്നും ഈ ബോധ്യത്തിന്‍ നിന്നാവണം കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാനെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Global warming is changing the pattern of rainfall in Kerala: Dr. TV. sajeev