മോണോറെയിലിന് വീണ്ടും ആഗോള ടെന്‍ഡര്‍
Kerala
മോണോറെയിലിന് വീണ്ടും ആഗോള ടെന്‍ഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2013, 12:45 am

[]തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ നിര്‍മാണത്തിന് വീണ്ടും ആഗോളടെന്‍ഡര്‍ വിളിക്കാന്‍ പദ്ധതിച്ചുമതലയുള്ള ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ആദ്യടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ മുന്നോട്ടു വന്നിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഡി.എം.ആര്‍.സിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേരള മോണോറെയില്‍ കോര്‍പ്പറേഷന്‍ യോഗം ചേര്‍ന്ന് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് പി.ഡബ്ല്യു.ഡി മന്ത്രി  വി. കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.

നിര്‍മാണക്കമ്പനികള്‍ തന്നെ സാമ്പത്തികസ്രോതസ് കണ്ടെത്തണം, മോണോറെയില്‍ നിര്‍മിച്ചിട്ടുള്ള കമ്പനികള്‍ക്ക് മാത്രമേ പദ്ധതിയുടെ മുഖ്യപങ്കാളിയാകാന്‍ അനുവാദം നല്‍കൂ എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കും.

നേരത്തെ മൂന്ന് ഘട്ടമുണ്ടായിരുന്ന ടെന്‍ഡര്‍ നടപടികള്‍ രണ്ട് ഘട്ടമായി കുറയ്ക്കുകയും ചെയ്തു. മുന്‍നിശ്ചയിച്ച സമയത്ത് തന്നെ നടപടികള്‍ പൂര്‍ത്തിയാകാനാണിത്.  ഇതിനായി താല്പര്യപത്രവും സാങ്കേതികറിപ്പോര്‍ട്ടും ഒരുമിച്ച് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കും. രണ്ടാം ഘട്ടത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ജനുവരിയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനും ഫെബ്രുവരിയോടെ നിര്‍മാണം തുടങ്ങാനുമാണ് ഡി.എം.ആര്‍.സി ലക്ഷ്യമിടുന്നത്.