മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്കു മുമ്പിലുള്ളത്. സ്വതന്ത്ര ഗവേണഷ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടമായ നിലയിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നത്.
2009 മുതലാണ് പ്യൂ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. യുഎന്നിന്റെ റിപ്പോര്‍ട്ടുകളും യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് പ്യൂ റിസേര്‍ച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
2014 മുതലുള്ള റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമായാണ് കാണിക്കുന്നത്. മതവിദ്വേഷത്തെ തുടര്‍ന്നുണ്ടാവുന്ന കുറ്റകൃത്യങ്ങള്‍, വര്‍ഗീയ സംഘര്‍ഷം, മതവുമായി ബന്ധപ്പെട്ട ജനക്കൂട്ട അതിക്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട തീവ്രവാദ സംഘങ്ങള്‍, മതപരമായ വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയ 13 ഓളം കുറ്റകൃത്യങ്ങളുടെ നിരക്ക് പരിശോധിച്ച് സോഷ്യല്‍ ഹോസ്റ്റലിറ്റീസ് ഇന്റക്‌സ് തയ്യാറാക്കും. ഇത് പരിശോധിച്ചാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
സോഷ്യല്‍ ഹോസ്റ്റിലിറ്റീസ് ഇന്റക്‌സില്‍ ആകെ 10 പോയിന്റില്‍ ഇന്ത്യ 8.9 നേടി. ഏറ്റവും കൂടുതല്‍ പോയിന്റുള്ള രാജ്യം ഏറ്റവും മോശം എന്ന നിലയിലാണ് ക്രമീകരണം. സിറിയ (9.2), നൈജീരിയ (9.1), ഇറാഖ് (8.9)
എന്നീ നിലയിലാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍ യഥാക്രമം ഇസ്രഈല്‍, യമന്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, പാകിസ്ഥാന്‍ എന്നിവയാണ്.
ഹിന്ദുക്കള്‍ക്കും മുസ് ലീങ്ങള്‍ക്കും ഇടയിലുള്ള വിദ്വേഷമാണ് ഇന്ത്യയെ ഇത്രയും തരംതാഴ്ന്ന റാങ്കിംഗിലേക്ക് എത്തിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കതായുന്‍ കിഷിയെ ഉദ്ധരിച്ച് ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗോഹത്യ ആരോപിച്ച് 2015ല്‍ ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ഹിന്ദുക്കളുടെ ആക്രമണമുണ്ടായി. ഇതിനു പുറമേ ജനക്കൂട്ട ഹിംസയും ഇന്ത്യയുടെ മോശം റാങ്കിംഗിനു കാരണമായെന്ന് അദ്ദേഹം പറയുന്നു.