| Friday, 2nd October 2020, 4:52 pm

ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തകര്‍ന്ന് ആഗോള വിപണി; ഏഷ്യന്‍ വിപണിയിലും ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണി ഒരു ശതമാനം ഇടിവോട് കൂടിയാണ് തുറന്നത്. വരുന്ന ആഴ്ച്ചകളില്‍ യു.എസ് ഓഹരിവിപണിയും നഷ്ടം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് നിക്ഷേപകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യു.എസ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ 2ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

ജപ്പാനില്‍ നേരത്തെ ലാഭത്തിലായിരുന്ന ട്രേഡ് നഷ്ടത്തില്‍ ക്ലോസ് ചെയ്യേണ്ടി വന്നു. ജപ്പാനില്‍ ലാഭത്തില്‍ വ്യവഹാരം നടത്തിയിരുന്ന നിക്കൈ 225 ഇന്‍ഡെക്‌സ് 0.69 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളും നഷ്ടം നേരിട്ടു.

അതേസമയം വിഷയത്തില്‍ കൂടുതല്‍ ആശങ്കപ്പെടാനില്ലെന്നാണ് യു.എസ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ഏതെങ്കിലും വിധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയോ പൊതുജന ആരോഗ്യത്തെയോ സ്വാധീനിക്കുന്നതായി കണ്ടാല്‍ മാത്രമേ ആശങ്കപ്പെടേതുള്ളൂവെന്ന് യു.ബി.എസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജഞന്‍ പോള്‍ ഡോനോവാന്‍ പറഞ്ഞു.

നിലവിലെ അനിശ്ചത്വം നീങ്ങിയാല്‍ ഉടന്‍ പരമ്പരാഗതമായി സുരക്ഷിത വിപണികളില്‍ നിക്ഷേപം ഉണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി.

ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് അറിയിച്ചിരുന്നു.

നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിന്നു.
വ്യാഴാഴ്ചയോടെ ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

ഹിക്‌സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Global markets fall after trump test positive for covid 19

We use cookies to give you the best possible experience. Learn more