വോട്ടിന് വേണ്ടി ബി.ജെ.പി മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തി; മോദിയുടെ പ്രസംഗങ്ങളെ അപലപിച്ച് ആഗോള മനുഷ്യാവകാശ സംഘടനകള്‍
national news
വോട്ടിന് വേണ്ടി ബി.ജെ.പി മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തി; മോദിയുടെ പ്രസംഗങ്ങളെ അപലപിച്ച് ആഗോള മനുഷ്യാവകാശ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 7:40 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയിലെ മറ്റ് നേതാക്കളും നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ അപലപിച്ച് ആ​ഗോള മനുഷ്യാവകാശ സംഘടനകള്‍. 48 മനുഷ്യാവകാശ സംഘടനകളാണ് പ്രസ്താവനകളെ അപലപിച്ച് രംഗത്തെത്തിയത്.

സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഗോള കൂട്ടായ്മ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ 48 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഒപ്പുവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പൗരന്‍മാരില്‍ നിന്നും പരാതി ലഭിച്ചിട്ടും ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

‘മതം പറഞ്ഞ് വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് നിയമത്തിനിടയിലും ഇന്ത്യയിലെ 250 ദശലക്ഷം മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ കുട്ടികള്‍ ഉള്ളവരെന്നും മോദി വിശേഷിപ്പിച്ചു. ഒ.ബി.സി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ മുസ്‌ലിങ്ങള്‍ കവര്‍ന്നെടുക്കുമെന്നും മോദി അവകാശപ്പെട്ടു. മുസ്‌ലിങ്ങള്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനെ ‘വോട്ട് ജിഹാദ്’ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു,’ പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പടെയുള്ള ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും സമാനമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ തങ്ങള്‍ ആശങ്ക അറിയിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ ഉടന്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രതിപക്ഷ നേതാക്കളോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍,ദളിത് സോളിഡാരിറ്റി ഫോറം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Content Highlight:  Global human rights organizations condemn Modi’s hate speeches