| Thursday, 4th March 2021, 12:03 pm

ഇന്ത്യ ഇനി സ്വതന്ത്രരാജ്യമല്ല, മോദിഭരണം രാജ്യത്തെ പിന്നോട്ടടിപ്പിച്ചു; ഫ്രീഡം ഹൗസിന്റെ അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയ്ക്ക് സ്വതന്ത്രരാജ്യം എന്ന പദവി ക്രമേണ നഷ്ടമായതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഫ്രീഡം ഹൗസ് 2021 ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ റാങ്ക് കുറയുന്നതായുള്ള കണ്ടെത്തലുള്ളത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഫ്രീഡം ഹൗസ്.

മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണം, രാജ്യദ്രോഹക്കേസുകള്‍, കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രീഡം ഹൗസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്ന് തന്നെയായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്. എന്നാല്‍ 2021 ആകുമ്പോള്‍ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി.

‘മോദിയുടെ ഹിന്ദുത്വ ദേശീയതാവാദിയായ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അക്കാദമിഷ്യന്‍മാരേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയും മുസ്‌ലീങ്ങളെ ലക്ഷ്യമിട്ട് വര്‍ഗീയ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്നു. 2019 ല്‍ വീണ്ടും മോദി തന്നെ അധികാരത്തിലേറിയത് ഇതിന്റെ ആക്കം കൂട്ടി. 2020 ലെ കൊവിഡ് മഹാമാരിയിലെ സര്‍ക്കാര്‍ ഇടപെടല്‍ (ലോക്ക് ഡൗണ്‍ പോലുള്ളവ) പൗരാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നതായി’, റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്ര്യ റിപ്പബ്ലിക്ക് രാജ്യമാകുന്നതിനുള്ള പ്രധാനഘടകങ്ങള്‍ വിലയിരുത്തിയത് പ്രകാരം ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇക്വഡോറിനും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനും തുല്യമാണ് ഇന്ത്യയുടെ സ്‌കോര്‍. 2020 ലെ സര്‍ക്കാര്‍ നയങ്ങളാണ് സ്വതന്ത്രരാജ്യം എന്ന നിലയില്‍ നിന്ന് ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യയെ അതിവേഗമെത്തിച്ചതിന് കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സംസ്ഥാനങ്ങളിലെ മോദി അനുകൂല സര്‍ക്കാരുകളും കൊവിഡ് കാലത്ത് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് മുസ്‌ലീങ്ങളെ ബലിയാടാക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

25 വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രീഡം ഹൗസ് റാങ്കിംഗ് നിശ്ചയിക്കുന്നത്. വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ക്ക് മേല്‍ നിരന്തരം രാജ്യദ്രോഹക്കേസുകള്‍ ചുമത്തുന്നത് പൗരാവകാശത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും ഹനിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ നടപടി രാജ്യത്ത് മനുഷ്യാവകാശ സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ലെന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച ഉടനെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത് വഴി നീതിന്യായവ്യവസ്ഥ സുതാര്യമല്ലെന്ന സന്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ സ്‌കോര്‍ 51 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 നും 2015 നും ഇടയില്‍ രണ്ട് തവണ ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ന്ന് 76 ല്‍ നിന്ന് 78 ല്‍ എത്തിയിരുന്നു. 2016 മുതല്‍ 2018 വരെ 77 ലായിരുന്നു ഇന്ത്യ. 2019 ല്‍ റാങ്ക് 75 ലേക്കും 2020 ല്‍ 71 ലേക്കും കൂപ്പുകുത്തി.

ലോകത്തിലെ 20 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഒരു സ്വതന്ത്ര രാജ്യത്ത് താമസിക്കുന്നത്. ഇത് 1995 ന് ശേഷമുള്ള ഏറ്റവും ചെറിയ അനുപാതമാണ്.

100 ല്‍ 100 മാര്‍ക്കും ഉള്ള ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് സ്വതന്ത്രരാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. ഒരു മാര്‍ക്ക് മാത്രമുള്ള ടിബറ്റും സിറിയയുമാണ് പട്ടികയിലെ ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Global freedom watchdog report downgrades India from ‘free’ to ‘partly free’

We use cookies to give you the best possible experience. Learn more