| Friday, 18th June 2021, 11:49 am

166 ദിവസത്തിനുള്ളില്‍ ലോകത്ത് 20 ലക്ഷം മരണങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയില്‍; കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള റോയിട്ടേഴ്‌സ് പഠനം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്താകെ 40 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട് മരണസംഖ്യ 20 ലക്ഷമായി ഉയരാന്‍ ഒരു വര്‍ഷമെടുത്തെങ്കില്‍ അടുത്ത 20 ലക്ഷം പേര്‍ മരിച്ചത് 166 ദിവസത്തിനുള്ളിലാണെന്നും റോയിട്ടേഴ്സ് കൊവിഡ് മരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നത്.

റോയിട്ടേഴ്‌സ് വിശകലനത്തില്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്‌സിക്കോ എന്നീ അഞ്ച് രാജ്യങ്ങളാണ് ആകെയുള്ള മരണങ്ങളില്‍ പകുതിയും. ജനസംഖ്യാനുപാതികമായി മരണനിരക്ക് കണക്കാക്കുമ്പോള്‍ പെറു, ഹംഗറി, ബോസ്‌നിയ, ചെക്ക് റിപ്പബ്ലിക്, ജിബ്രാള്‍ട്ടര്‍ എന്നീ രാജ്യങ്ങളിലും മരണം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്. മാര്‍ച്ച് മുതല്‍ ലോകത്ത് ഉണ്ടാകുന്ന 100 കൊവിഡ് രോഗികളില്‍ 43 എണ്ണവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണെന്ന് റോയിട്ടേഴ്‌സ് വിശകലനത്തില്‍ പറയുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബൊളീവിയ, ചിലി, ഉറുഗ്വേ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 25 നും 40നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ കൊവിഡ് രൂക്ഷമാകുന്നതായും പഠനങ്ങള്‍ പറയുന്നു. ബ്രസീലിലെ സാവോ പോളോയില്‍ ഐ.സി.യു. അടക്കമുള്ള തീവ്ര പരിചരണ വിഭാഗങ്ങളില്‍ 80% ജീവനക്കാര്‍ക്കും കൊവിഡ് വന്നുപോയെന്നും പഠനം പറയുന്നു.

‘കുതിച്ചുയരുന്ന മരണങ്ങള്‍ വികസ്വര രാജ്യങ്ങളിലെ നിലവിലുണ്ടായിരുന്ന ശ്മശാനങ്ങളുടെ പ്രവര്‍ത്തന ശേഷിയെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലും ബ്രസീലിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലത്തിന്റെ അഭാവം ഇപ്പോഴും പ്രശ്‌നത്തിലാണ്,’ റോയിട്ടേഴ്‌സ് പഠനത്തില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലോകത്താകമാനം 200 കോടി ഡോസ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന് കണക്കുകള്‍ പറയുന്നു. ജൂണ്‍ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്‌സിന്‍ ചൈനയില്‍ ജനങ്ങള്‍ക്ക് നല്‍കി. യു.എസില്‍ വാക്‌സിനേഷന്‍ 29.7 കോടി ഡോസ് കടന്നു. മൂന്നാമതുള്ള ഇന്ത്യയില്‍ 21.6 കോടിയിലേറെ ഡോസ് വാക്‌സിന്‍ ഇതിനോടകം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വാക്‌സിനേഷനില്‍ മുന്നിലുള്ള ഇന്ത്യ, ചൈന, യു.എസ്. എന്നീ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ദിനംപ്രതി കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും ഇന്ത്യ ഉള്‍പ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് വാക്‌സിനേഷന്‍ കണക്കില്‍ തൊട്ടുപിന്നിലുള്ളത്.

കൊവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Global COVID-19 Death Count Exceeds 4 Million: Report

We use cookies to give you the best possible experience. Learn more