| Friday, 3rd April 2020, 11:42 pm

ലോകത്ത് പത്ത് ലക്ഷം കൊവിഡ് രോഗികള്‍; മരിച്ചത് അരലക്ഷം പേര്‍; വിയര്‍ത്തും വിറച്ചും അമേരിക്ക; വൈറസിനൊപ്പം തൊഴില്‍ നഷ്ടവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 52,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ 2,40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്.

സ്‌പെയിനിലും ഇറ്റലിയിലും മരണ സംഖ്യ ഉയരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഇതുവരെ 13,900 പേരാണ് മരിച്ചത്. എന്നാല്‍, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ നേരിയ കുറവ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ആരോഗ്യ രംഗം കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ സാമ്പത്തിക രംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. 66 ലക്ഷത്തോളം പേര്‍ക്ക് പ്രതിവാരം തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതിനേക്കാള്‍ ഇരട്ടിയാണ് ഈ ആഴ്ചയിലെ കണക്ക്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌പെയിനില്‍ ഒറ്റ ദിവസം മരണമടഞ്ഞത് 950 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ പതിനായിരത്തിലേക്ക് ഉയര്‍ന്നു. വൈറസ് വ്യാപനവും മരണ സംഖ്യയുടെ ഉയര്‍ച്ചയും ആരോഗ്യ പ്രവര്‍ത്തകരെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.

സ്‌പെയിനിലും തൊഴില്‍ നഷ്ടം രൂക്ഷമാണ്. ഒമ്പത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സാമൂഹിക സുരക്ഷാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more