| Saturday, 29th October 2022, 9:29 pm

മുരുകാ... മുരുകാ... ഫിലിപ്‌സ് മുരുകാ... ബൗളറെ പോലും അമ്പരപ്പിച്ച ആ നില്‍പ്; ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി ഗ്ലെന്‍ ഫിലിപ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന ന്യൂസിലാന്‍ഡ് – ശ്രീലങ്ക മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കയ്യടികളേറ്റുവാങ്ങിയത് കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സായിരുന്നു. നാലാം നമ്പറില്‍ കളത്തിലിറങ്ങി ന്യൂസിലാന്‍ഡിന്റെ വിജയ ശില്‍പിയായി മാറിയാണ് ഫിലിപ്‌സ് തരംഗമായത്.

ബൗളിങ്ങിന്റെ സിംഹള വീര്യത്തിന് മുമ്പില്‍ കിവീസിന്റെ ടോപ് ഓര്‍ഡര്‍ ഒന്നടങ്കം പരാജയപ്പെട്ട മത്സരമായിരുന്നു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേത്. ന്യൂസിലാന്‍ഡിന്റെ ടോപ് ഓര്‍ഡര്‍ എന്നതിനേക്കാളുപരി ന്യൂസിലാന്‍ഡിന്റെ ബാറ്റര്‍മാര്‍ എല്ലാവരും പരാജയപ്പെട്ട മത്സരം എന്ന് പറയുന്നതാവും ശരി.

എന്നാല്‍ ഒരാള്‍ക്ക് മുമ്പില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ നിന്ന് വിറച്ചു. അവനാകട്ടെ ഒരു ദയവും കൂടാതെ ലങ്കന്‍ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം തല്ലിയൊതുക്കി. ഒടുവില്‍ 64 പന്തില്‍ നിന്നും 104 റണ്‍സ് തികച്ച് ഗ്ലെന്‍ ഫിലിപ്‌സ് മടങ്ങിയപ്പോള്‍ ഒരുപിടി റെക്കോഡുകളെയും ഒപ്പം കൂട്ടിയിരുന്നു.

ടി-20 ലോകകപ്പില്‍ നാലോ അതില്‍ താഴെയോ പൊസിഷനില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഫിലിപ്‌സ് സ്വന്തമാക്കിയത്. ഫിലിപ്‌സിന്റെ ഇന്നിങ്‌സ് ഒന്നുകൊണ്ട് മാത്രമാണ് ന്യൂസിലാന്‍ഡ് 167 റണ്‍സിലെത്തിയത്.

താരത്തിന്റെ ബാറ്റിങ്ങിനെക്കാള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത് അദ്ദേഹം സിംഗിള്‍ നേടാനായി ഒരുങ്ങി നിന്ന പൊസിഷനായിരുന്നു. ഒളിമ്പിക്‌സില്‍ നൂറ് മീറ്റര്‍ ഓട്ടത്തിന് തയ്യാറായി നില്‍ക്കുന്ന സ്പ്രിന്ററെ പോലെയാണ് താരം നോണ്‍ സ്‌ട്രെക്കേഴ്‌സ് എന്‍ഡില്‍ നിന്നിരുന്നത്.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

അതേസമയം, മത്സരത്തില്‍ ന്യൂസിലാന്‍ഡ് 65 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ശ്രീലങ്കയെ ആക്രമിച്ചത് ഗ്ലെന്‍ ഫിലിപ്‌സായിരുന്നെങ്കില്‍ ബൗളിങ്ങില്‍ ആ റോള്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തത് സ്റ്റാര്‍ പേസറായിരുന്ന ട്രെന്റ് ബോള്‍ട്ടായിരുന്നു.

നാല് ഓവറില്‍ കേവലം 13 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് ബോള്‍ട്ട് പിഴുതത്. കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ക്യാപ്റ്റന്‍ ഭാനുക രാജപക്‌സെ എന്നിവരാണ് ബോള്‍ട്ടിന് മുമ്പില്‍ ഉത്തരമില്ലാതെ വീണത്.

മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടീം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ശേഷിക്കുന്ന ലങ്കന്‍ വിക്കറ്റുകളും പറിച്ചെറിഞ്ഞതോടെ ശ്രീലങ്ക 102 റണ്‍സിന് ഓള്‍ ഔട്ടായി.

വന്‍ തകര്‍ച്ചയില്‍ നിന്നും ബ്ലാക് ക്യാപ്‌സിനെ വിജയത്തില്‍ കൊണ്ടെത്തിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് കളിയിലെ കേമന്‍.

നവംബര്‍ ഒന്നിന് ഇംഗ്ലണ്ടിനെതിരെയാണ് കിവീസിന്റെ അടുത്ത മത്സരം. ഗാബ്ബയാണ് വേദി.

Content Highlight: Glenn Phillips’ Unique Sprinter-Like Start To A Run Goes Viral

We use cookies to give you the best possible experience. Learn more