Advertisement
Sports News
ദേ അടുത്ത സൂപ്പര്‍മാന്‍...; പറക്കും ഫിലിപ്‌സ് അണ്ണന്‍, ഇത് വല്ലാത്തൊരു ചാട്ടമായിപ്പോയി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 09, 03:23 am
Saturday, 9th March 2024, 8:53 am

ന്യൂസിലാന്‍ഡ്- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 162 റണ്‍സിന് തകര്‍ന്നപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 256 റണ്‍സ് നേടി. ഇപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് തുടരുകയാണ്. 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് ആണ് ടീം നേടിയത്. നിലവില്‍ കെയ്ന്‍ വില്യംസണ്‍ 25* റണ്‍സുമായും ടോം ലാഥം 13* റണ്‍സുമായും ക്രീസില്‍ തുടരുന്നുണ്ട്.

ഓപ്പണര്‍ വില്‍ യങ്ങിന്റെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത്. അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് താരത്തെ പുറത്താക്കിയത്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് 11 റണ്‍സും ഉസ്മാന്‍ ഖവാജ 16 റണ്‍സും നേടി നിരാശപ്പെടുത്തി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ മാര്‍നസ് ലബുഷാന്‍ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനുവേണ്ടി കാഴ്ചവെച്ചത്. 147 പന്തില്‍ നിന്ന് 12 ബൗണ്ടറി അടക്കം 90 റണ്‍സ് ആണ് താരം നേടിയത്. എട്ടാം വിക്കറ്റുവരെ താരം പിടിച്ചുനിന്നു ടീമിന് സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ ലബുഷന്റെ വിക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ടിം സൗത്തി എറിഞ്ഞ പന്തില്‍ തേഡ് മാനിലേക്ക് കട്ട് ചെയ്ത ലബുഷാന്റെ ക്യാച്ച് ഗ്ലെന്‍ ഫിലിപ്‌സ് ഐതിഹാസികമായാണ് നേടിയത്. ഒരു സൂപ്പര്‍മാന്‍ ആക്ഷനില്‍ ഫുള്‍ സ്ട്രച്ചിലാണ് താരം ക്യാച്ച് നേടിയത്.

 

തുടര്‍ന്നും ഇറങ്ങിയ കാമറൂണ്‍ ഗ്രീന്‍ (25), ട്രാവിസ് ഹെഡ് (21), നാഥന്‍ ലിയോണ്‍ (20), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (14), മിച്ചല്‍ സ്റ്റാര്‍ക്ക് (28), പാറ്റ് കമ്മിന്‍സ് (23), ജോഷ് ഹേസല്‍വുഡ് (1*) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

കിവീസിന്റെ ബൗളിങ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മാറ്റ് ഹെന്റി ആയിരുന്നു. 23 ഓവറില്‍ നിന്ന് നാല് മെയ്ഡന്‍ അടക്കം 67 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.91 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. താരത്തിന് പുറമേ സൗത്തി, ബെന്‍ സീര്‍സ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

Content Highlight: Glenn Phillips Take A Big Catch of Marnus Labuschagne