ന്യൂസിലാന്‍ഡും ബംഗ്ലദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം നാലാം ദിവസത്തില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
ഷെര്‍ ഇ ബംഗളാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 172 റണ്‍സിന് പുറത്താവുകയായിരുന്നു.
കിവീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്പ്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റും അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാ ബാറ്റര്‍മാര്‍ 172 റണ്‍സില്‍ പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 180 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ കിവീസ് ബാറ്റിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്പ്‌സ് നടത്തിയ ഒറ്റയാള്‍ പ്രകടനത്തിനാണിപ്പോള്‍ കയ്യടി ലഭിക്കുന്നത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്‌നിര തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. 11.4 ഓവറില്‍ 46-5 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയെ ഒറ്റക്ക് മുന്നില്‍ നിന്നും നയിക്കുകയായിരുന്നു ഫിലിപ്പ്‌സ്. 72 പന്തില്‍ 87 നേടിക്കൊണ്ടായിരുന്നു ഫിലിപ്പ്‌സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
ഒമ്പത് ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ നിര്‍ണായക ഇന്നിങ്‌സ്. 120.83 പ്രഹരശേഷിയിലായിരുന്നു ഫിലിപ്പ്‌സ് ബാറ്റ് വീശിയത്. തകര്‍ന്ന കിവീസ് ബാറ്റിങ് നിരയെ 180 എന്ന മാന്യമായ സ്‌കോറിലേക്ക് എത്തിക്കാനും ഫിലിപ്പ്‌സിന് സാധിച്ചു. ഒടുവില്‍ കിവീസ് 180 റണ്‍സിന് പുറത്താവുകയായിരുന്നു.
ബംഗ്ലാദേശ് ബൗളിങ് നിരയില്‍ മെഹിദി ഹസന്‍ മിറാസ്, താലിജുല്‍ ഇസ്ലാം എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് 159 റണ്‍സിന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്.
Content Highlight: Glenn Phillips brilliant innings against Bangladesh.