ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര വെല്ലിങ്ടണില്‍ പുരോഗമിക്കുകയാണ്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 111 എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനവുമായി കിവീസ് കങ്കാരുക്കളെ കൊത്തിപ്പറിക്കുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് അഞ്ച് വിക്കറ്റ് നേടി കരുത്ത് കാട്ടിയപ്പോള്‍ മാറ്റ് ഹെന്റി മൂന്നും ക്യാപ്റ്റന്‍ ടിം സൗത്തി രണ്ട് വിക്കറ്റും നേടി.
ടെസ്റ്റ് കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടമാണ് ഫിലിപ്‌സ് വെല്ലിങ്ടണ്ണില്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു സിറ്റിയില്‍ സ്റ്റംപിങ്ങും അഞ്ച് വിക്കറ്റുമുള്ള ആദ്യ പുരുഷ താരം എന്ന നേട്ടമാണ് ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയത്.
നേരത്തെ വിക്കറ്റിന് പിന്നിലും കരുത്ത് തെളിയിച്ച ഫിലിപ്‌സ് 2018ലാണ് വെല്ലിങ്ടണില്‍ സ്റ്റംപിങ്ങിലൂടെ ഒരു ബാറ്ററെ പുറത്താക്കുന്നത്. പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ മിച്ചല്‍ സാന്റ്‌നറിന്റെ പന്തിലാണ് താരം സ്റ്റംപ് ചെയ്ത് പുറത്താക്കുന്നത്. 14 പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സിറ്റിയില്‍ അഞ്ച് വിക്കറ്റ് നേട്ടവും ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ പന്തെടുക്കാതിരുന്ന ഫിലിപ്‌സ് രണ്ടാം ഇന്നിങ്സില്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിക്കൊണ്ടാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ശേഷം ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി എന്നിവരും ഫിലിപ്സിന്റെ പന്തിന്റെ മൂര്‍ച്ചയറിഞ്ഞു.
കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയാണ് കിവീസിന്റെ വലം കയ്യന്‍ ഓഫ് ബ്രേക്കര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. താരത്തിന്റെ റെഡ് ബോള്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
Glenn Phillips becomes the FIRST man in international cricket with a fifer and a stumping at same city.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ കാമറൂണ്‍ ഗ്രീനിന്റെ സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 275 പന്തില്‍ പുറത്താകാതെ 174 റണ്‍സാണ് താരം നേടിയത്.
ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്സില്‍ നഥാന്‍ ലിയോണിന്റെ സ്പിന്‍ മാജിക്കിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ആതിഥേയര്‍ പതറിയിരുന്നു. 179 റണ്‍സിനാണ് ടീം ആദ്യ ഇന്നിങ്സില്‍ ഓള്‍ ഔട്ടായത്.
നിലവില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 111ന് മൂന്ന് എന്ന നിലയിലാണ് കിവീസ്. 94 പന്തില്‍ 56 റണ്‍സുമായി രചിന്‍ രവീന്ദ്രയും 63 പന്തില്‍ 12 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
ഓസ്ട്രേലിയ – 383 & 164
ന്യൂസിലാന്‍ഡ് – (T: 369) 179 & 111/3
Content highlight: Glenn Phillips becomes the 1st man in international cricket with a fifer and a stumping at same city.