| Wednesday, 20th March 2024, 3:29 pm

സൂക്ഷിക്കണം...ഐ.പി.എല്ലില്‍ അവന് പരിക്കേല്‍ക്കും; മുന്നറിയിപ്പ് നൽകി ഗ്ലെൻ മഗ്രാത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഇപ്പോഴിതാ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ
മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മഗ്രാത്ത്.

ബുംറക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ വിശ്രമം നല്‍കണമെന്നും ബുംറ കൂടുതല്‍ കാലം കളിച്ചാല്‍ പരിക്കേല്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു മുന്‍ ഓസ്ട്രേലിയന്‍ താരം. എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ നടന്ന പരിപാടിയില്‍ മാധ്യമങ്ങളുമായി പ്രതികരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം.

‘ഇന്ത്യക്കും മുംബൈക്കും വേണ്ടി കളിക്കുമ്പോൾ ബുംറ എല്ലാം നൽകുന്നു. പന്തറിയുമ്പോൾ അവന്റെ അവസാന രണ്ട് മുന്നേറ്റങ്ങൾ ശരീരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കളിക്കളത്തിൽ അവൻ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ അവനെ ഒരു വിശ്രമം ആവശ്യമാണ്. അവൻ ഐ.പി.എല്ലിൽ എല്ലാ മത്സരങ്ങളും കളിക്കുകയാണെങ്കിൽ അവന്റെ ബൗളിങ് ആക്ഷൻ ശരീരത്തിൽ ചെലുത്തുന്ന സമ്മർദം അവന് പരിക്കേൽക്കാൻ കാരണമാവും,’ മഗ്രാത്ത് പറഞ്ഞു.

മത്സരത്തിനിടയില്‍ നട്ടെല്ലിന് പരിക്കേറ്റത്തിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ബുംറ ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. 2023 ഐ.പി.എല്ലിലും 2022 ഐ.സി.സി ലോകകപ്പിലും ബുംറ കളിച്ചിരുന്നില്ല. എന്നാല്‍ അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ താരം ശക്തമായി തിരിച്ചുവരികയായിരുന്നു.

നീണ്ട ഇടവേളവേളക്ക് ശേഷം മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിയാന്‍ കളത്തിലിറങ്ങുമ്പോള്‍ തന്റെ പഴയ മികച്ച പ്രകടനം ഈ വര്‍ഷവും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 120 മത്സരങ്ങളില്‍ നിന്നും 145 വിക്കറ്റുകളാണ് ബുംറ നേടിയത്. 23.30 ശരാശരിയിലും 7.39 എക്കണോമിയിലും ആണ് താരം പന്തെറിഞ്ഞത്. മുംബൈ ഇന്ത്യന്‍സിനായി ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരവും ബുംറയാണ്.

അതേസമയം മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

Content Highlight: Glenn Mcgrath talks about Jasprit Bumrah

We use cookies to give you the best possible experience. Learn more