| Sunday, 15th December 2024, 3:04 pm

രോഹിത്തിന്റെ പേടിയും മണ്ടത്തരവും കാരണമാണ് ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടിയത്; ക്യാപ്റ്റനെ പരിഹസിച്ച് മുന്‍ ഓസീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഗബയില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് ഓസീസ് നേടിയത്. ഇതോടെ രോഹിത് ശര്‍മ ടോസ് നേടി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതിനെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്.

മഗ്രാത് പറഞ്ഞത്

‘സാധാരണയായി ബ്രിസ്ബേനില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യും, ആദ്യ രണ്ട് ദിവസങ്ങളില്‍ ഒരു വലിയ സ്‌കോര്‍ നേടാനാണ് ലക്ഷ്യമിടുക. പിന്നീട് കളിയില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ പിച്ച് പരുക്കനാകാന്‍ കാത്തിരിക്കും. സാധാരണ അങ്ങനെയാണ് ടീമുകള്‍ അവിടെ കളിക്കുന്നത്.

നിങ്ങള്‍ ആദ്യം പന്തെറിയുമ്പോള്‍ അത് അവര്‍ക്ക് അനായാസം കളിക്കാന്‍ കഴിയുമെന്നതാണ് കാര്യം, അത് മാധ്യമങ്ങളില്‍ വളരെ മോശമായി കാണപ്പെടും, എന്നാല്‍ നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയും മോശം പ്രകടനം നടത്തുകയും ചെയ്താല്‍ അത് ‘ആദ്യം ബാറ്റ് ചെയ്യാമെന്നത് നിങ്ങളുടെ ധൈര്യമുള്ള തീരുമാനമായി മാറും,’ മഗ്രാത്ത് എ.ബി.സി റേഡിയോയില്‍ ഇന്ത്യയുടെ ടോസ് സെലക്ഷനെക്കുറിച്ച് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ക്ക് വേണ്ടി ഗാബയില്‍ മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെച്ചത്. ഇരുവരും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ബാക് ടു ബാക് സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്. 160 പന്തില്‍ നിന്ന് 18 ഫോര്‍ ഉള്‍പ്പെടെ 152 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. സ്റ്റീവ് സ്മിത് 190 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇരുവരുടേയും വിക്കറ്റ് പിഴിതെറിയാന്‍ മറ്റ് ബൗളര്‍മാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടന്നില്ല. ഒടുക്കം ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ബുംറ തന്നെയാണ് താരങ്ങളുടെ വിക്കറ്റ് നേടി പുറത്താക്കിയത്. ഇതോടെ ഫൈഫര്‍ നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം ഫൈഫര്‍ നേട്ടമാണിത്.

സ്മിത്തിനെ ജസ്പ്രീത് ബുംറ രോഹിത്തിന്റെ കയ്യില്‍ എത്തിച്ച് പുറത്താക്കുകയായിരുന്നു. ട്രാവിസ് ഹെഡിനെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കാനും താരത്തിന് സാധിച്ചു. എന്നിരുന്നാലും ഇന്ത്യയ്ക്കെതിരെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ട് കെട്ട് നേടുന്ന താരങ്ങളായിട്ടാണ് ഇരുവരും കളം വിട്ടത്. മിച്ചല്‍ മാര്‍ഷിനെ അഞ്ച് റണ്‍സിന് പറഞ്ഞയച്ച് ബുംറ വീണ്ടും വിക്കറ്റ് നേടിയിരുന്നു.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്‌സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് ഇന്നിങ്സ് തുടക്കത്തിലും കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി. 20 റണ്‍സ് നേടിയ പാറ്റ് ക്മ്മിന്‍സിനെ മുഹമ്മദ് സിറാജും പറഞ്ഞയച്ചു.

രണ്ടാം ദിനം ഇന്ത്യ ബൗളിങ്ങില്‍ വളരെയധികം ബുദ്ധിമുട്ടുകയായിരുന്നു. ഇടവേളകളില്‍ ഓസീസ് ബാറ്റര്‍മാരെ തടയാനും വിക്കറ്റ് വീഴ്ത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ വലിയ സ്‌കോറിലേക്കാണ് ഓസീസ് നീങ്ങുന്നത് അവശേഷിക്കുന്ന ദിനത്തില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ബാറ്റിങ്ങില്‍ തകര്‍ക്കാനാകും ഓസീസ് ശ്രമിക്കുന്നത്.

Content Highlight: Glenn Mcgrath Talking About Rohit Sharma

We use cookies to give you the best possible experience. Learn more